കേരളത്തിൽ ഇടതിനെ ദ്രോഹിക്കുന്നു, ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യത്തെ ദ്രോഹിക്കുന്നു; മോദി വീണ്ടുമെത്തിയാൽ അതിനുത്തരവാദി രാഹുൽ ഗാന്ധിയാണെന്ന് അരവിന്ദ് കേജ്‌രിവാൾ

single-img
11 May 2019

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്വം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കായിരിക്കുമെന്ന് ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാൾ. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളെ കോൺഗ്രസ് ദ്രോഹിക്കുകയാണെന്നും ഇത് ബി.ജെ.പിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

”കോൺഗ്രസ് ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യത്തെ ദ്രോഹിക്കുന്നു, കേരളത്തിൽ ഇടതിനെയും, ബംഗാളിൽ തൃണമൂലിനെയും, ആന്ധ്രയിൽ ഡി.ടി.പിയെയും, ഡൽഹിയിൽ എ.എ.പിയെയും. മോദി അധികാരത്തിൽ തിരിച്ചെത്തിയാൽ മിസ്റ്റർ ഗാന്ധി മാത്രമായിരിക്കും അതിന് ഉത്തരവാദി”- കേജ്‌രിവാൾ കുറ്റപ്പെടുത്തി.

കോൺഗ്രസിന്റെ പോരാട്ടം പ്രതിപക്ഷത്തെ പാർട്ടികളുമായിത്തന്നെയാണ്. ബി.ജെ.പിക്കെതിരെയല്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കോൺഗ്രസിനെതിരെയുള്ള കേജ്‌രിവാളിന്റെ വിമർശനം.

”മോദിയുടെ ദേശീയത കപടമാണ്. അത് രാജ്യത്തിന് അപകടമാണ്. രാജ്യത്തിന്റെ സൈന്യത്തെപ്പോലും വോട്ടിനായി അദ്ദേഹം ഉപയോഗിക്കുന്നു. ” കേജ്‌രിവാൾ പറഞ്ഞു. അതേസമയം, മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ് മോദിയെക്കാൾ ആയിരംമടങ്ങ് മികച്ചതായിരുന്നെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു