ദേശീയപാത വികസനത്തില്‍ കേന്ദ്രഭേദഗതി ഉത്തരവ് അവ്യക്തം; കേരളത്തിന്‍റെ മുന്‍ഗണനാ ക്രമം മാറ്റിയ ഉത്തരവ് റദ്ദാക്കിയിട്ടില്ല: മന്ത്രി ജി സുധാകരന്‍

single-img
11 May 2019

കേരളത്തിലെ ദേശീയ പാതാ വികസനത്തിന്റെ കാര്യത്തിലെ കേന്ദ്ര ഭേദഗതി ഉത്തരവ് അവ്യക്തമെന്ന് മന്ത്രി ജി സുധാകരൻ. സംസ്ഥാനത്തിന്റെ മുൻഗണനാ ക്രമം മാറ്റി കൊണ്ടുള്ള ഉത്തരവ് ഇതുവരെ റദ്ദാക്കിയിട്ടില്ല. സംസ്ഥാനങ്ങൾക്കുള്ള മുൻഗണന പട്ടിക ഒന്നിൽ കേരളത്തിനെ ഉൾപ്പെടുത്തി ഉത്തരവിറക്കിയിട്ടുമില്ല.

കേരളത്തിനെ പട്ടിക 2ലേക്ക് മാറ്റിയ ഉത്തരവ് റദ്ദാക്കി ഉടൻ വിജ്ഞാപനം ഇറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ദേശീയ പാത അതോറിറ്റി ചെയർമാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും സംസ്ഥാനം കത്തയച്ചു. സംസ്ഥാനത്തിന്റെ ദേശീയപാത വികസനം മുൻഗണനാ പട്ടിക രണ്ടിലെയ്ക്ക് മാറ്റുകയും സ്ഥലമെറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ 2021 വരെ നിർത്തികൊണ്ട് ഉത്തരവിറക്കിയതാണ് വിവാദത്തെ തുടർന്ന് കേന്ദ്രം ഭേദഗതി ചെയ്തു എന്ന് അറിയിച്ചിരുന്നത്.

എന്നാൽ കേരളത്തെ ഇതുവരെ മുൻഗണനാ പട്ടിക ഒന്നിൽ ഉൾപ്പെടുത്തുകയോ 2021 ഫെബ്രുവരിയിലേക്ക് ക്രമം മാറ്റികൊണ്ടുള്ള ഉത്തരവ് റദ്ദാക്കുകയോ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഭേദഗതി ഉത്തരവ് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻദേശീയ പാത അതോറിറ്റി ചെയർമാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും വീണ്ടും കത്തയച്ചത്.