‘ദുര്‍ഗന്ധം കാരണം നില്‍ക്കാന്‍ വയ്യാത്ത അവസ്ഥ; ആശുപത്രിയിലെ മാലിന്യ പ്രശ്‌നം തുറന്നുകാട്ടി വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്ക് ലൈവില്‍; പിടിച്ച് പുറത്താക്കി സൂപ്രണ്ട്

single-img
11 May 2019

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മാലിന്യ പ്രശ്‌നം ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥികളെ സൂപ്രണ്ട് മുറിയില്‍ നിന്ന് പിടിച്ച് പുറത്താക്കി. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിന്റെ കസിനെ കാണാനായിരുന്നു ഫര്‍സാന പര്‍വിനും സുഹൃത്ത് ജയകൃഷ്ണനും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയത്. രോഗികള്‍ കിടക്കുന്ന വാര്‍ഡിലെ ദുര്‍ഗന്ധത്തെ കുറിച്ചന്വേഷിച്ചപ്പോളാണ് ആശുപത്രിയിലെ മാല്യനത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. തുടര്‍ന്ന് ഫര്‍സാന ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു.

രോഗികള്‍ കിടക്കുന്ന വാര്‍ഡില്‍ ജനല്‍ തുറന്നാല്‍ മൂക്കുപൊത്താതെ നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയാണുള്ളതെന്ന് ഫര്‍സാന പറയുന്നുണ്ട്. ഇത് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സുഹൃത്ത് ജയകൃഷ്ണനേയും ഫര്‍സാനയേയും ആശുപത്രി അധികൃതര്‍ പുറത്താക്കിയത്. ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു.

രോഗികളുടെ വാര്‍ഡിന് സമീപം മോര്‍ച്ചറിയിലെ മാലിന്യവും കക്കൂസ് മാലിന്യവും ഉള്‍പ്പെടെ കെട്ടിക്കിടക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ തന്നെ മെഡിക്കല്‍ ഓഫീസറെ വിളിച്ച് പരാതി പറഞ്ഞെങ്കിലും അവഗണിക്കുകയായിരുന്നു ഫലം. ഇതോടെയാണ് ആശുപത്രിയിലെ മാലിന്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇവര്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

ആശുപത്രി ഏങ്ങനെ വൃത്തിയുള്ളതായി സൂക്ഷിക്കണം, അനുഭാവ പൂര്‍ണ്ണവും മാന്യവുമായ പരിചണം ലഭിക്കുന്നതിനുള്ള രോഗികളുടെ അവകാശങ്ങള്‍, രോഗികളും കൂട്ടുകിടക്കുന്നവരും പാലിക്കേണ്ട കടമകള്‍, അവരുടെ ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആശുപത്രിയിലെഴുതിയ ബോര്‍ഡുകള്‍ ചൂണ്ടിക്കാണിച്ച് ഫര്‍സാന ലൈവില്‍ പറയുന്നുണ്ട്.

തുടര്‍ന്ന് രോഗി കിടക്കുന്ന പേ വാര്‍ഡിന് പുറത്തുള്ള മാലിന്യ കൂമ്പാരം ചൂണ്ടിക്കാണിക്കുന്നു. മുറിക്ക് കുറച്ച് ദൂരെയായാണ് മോര്‍ച്ചറി. അവിടെ നിന്നുള്ള മാലിന്യവും മറ്റ് ആശുപത്രി മാലിന്യങ്ങളും പേ വാര്‍ഡിന് പുറകിലായി കൂട്ടിയിട്ടത് വീഡിയോയില്‍ വ്യക്തമാണ്.

ഇതിന് പിന്നാലെയാണ് ഫര്‍സാനയും ജയകൃഷ്ണനും സൂപ്രണ്ടിന്റെ മുറിയില്‍ എത്തുന്നത്. മാലിന്യ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സെപ്റ്റിക്ക് ടാങ്കിലെ വെള്ളം ഓവര്‍ഫ്‌ളോ ചെയ്ത് വരുന്നതാണെന്നും ചതുപ്പായതിനാല്‍ മാലിന്യം താഴ്ന്നു പോകാത്തതാണെന്നും സൂപ്രണ്ട് പ്രതികരിക്കുന്നു.

ഇവിടത്തെ മാലിന്യപ്രശ്‌നം ഇപ്പോഴുണ്ടായതല്ലെന്നും നേരത്തെയുള്ളതാണെന്നും ഇതൊക്കെ ചോദിക്കാന്‍ നിങ്ങളാരാണെന്നും അദ്ദേഹം വീഡിയോയില്‍ ചോദിക്കുന്നു. എന്നാല്‍ വീഡിയോ ലൈവാണ് എന്ന് പറയുന്നതോടെ സൂപ്രണ്ട്, സെക്യൂരിറ്റിയോട് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജയകൃഷ്ണന്റെ ഫോണ്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിടിച്ചു വാങ്ങുന്നുണ്ട്.

https://www.facebook.com/farsana.parvin/videos/2045495485576967/