തിരുവനന്തപുരത്ത് ‘താമര’ വിരിയില്ല; ബി.ജെ.പി.ക്ക് നേമത്തുമാത്രമേ ഒന്നാമതെത്താനാകൂ; ഹിന്ദുവോട്ടുകളില്‍ വിള്ളലുണ്ടായി; ന്യൂനപക്ഷവോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായി: വിജയ പ്രതീക്ഷയില്‍ സിപിഐ

single-img
10 May 2019

തിരുവനന്തപുരത്ത് ബി.ജെ.പി. വിജയിക്കില്ലെന്ന് സിപിഐ. കഴക്കൂട്ടം, നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിനായിരിക്കും മുന്നേറ്റം. കഴക്കൂട്ടത്തും കോവളത്തും 10,000 വോട്ടിന്റെ ലീഡുണ്ടാവും. ഈ രണ്ടുമണ്ഡലത്തിലും ഈഴവവോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചു.

വട്ടിയൂര്‍കാവില്‍ ബി.ജെ.പി.ക്ക് അനുകൂലമായി കോണ്‍ഗ്രസ് വോട്ടുമറിച്ചു. എന്നാലും, ഇവിടെ കോണ്‍ഗ്രസ് തന്നെയാകും ഒന്നാമത്. ബി.ജെ.പി.ക്ക് നേമത്തുമാത്രമേ ഒന്നാമതെത്താനാകൂവെന്നാണ് സി.പി.ഐ. കണക്കാക്കുന്നത്. അതേസമയം 13 മണ്ഡലത്തില്‍ ഇടതുമുന്നണി വിജയിക്കുമെന്നും സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് വിലയിരുത്തി.

തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍, ഇടുക്കി, മാവേലിക്കര എന്നിവയാണ് ഇടതുമുന്നണി ജയിക്കുന്ന മണ്ഡലങ്ങള്‍. ഇടതുമുന്നണി മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ഈ തിരഞ്ഞെടുപ്പില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചെന്ന് നേതാക്കള്‍ വിലയിരുത്തി.