തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നിൽക്കണോ അതോ പോണോ; ഇന്ന് ഹെെക്കോടതി വ്യക്തമാക്കും

single-img
10 May 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പില്‍ നിന്നുംവിലക്കിയതിന് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന്  പരിഗണിക്കും. കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയാണ് ആനയുടെ ആരോഗ്യസ്ഥിതിയും സ്വഭാവസവിശേഷതകളും വിലയിരുത്തിയശേഷം വിലക്കേര്‍പ്പെടുത്തിയത്. ഇത് ചോദ്യം ചെയ്തുകൊണ്ട് തെച്ചിക്കോട് കാവ് ദേവസ്വം അധികൃതരാണ്  ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാത്തതില്‍ പ്രതിഷേധിച്ച് ആന ഉടമകളുടെ സംഘടന രംഗത്തുവന്നിരുന്നു. ഈ തീരുമാനവുമായി മുന്നോട്ടുപോയാല്‍ ശനിയാഴ്ച മുതല്‍ ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനയെ വിട്ടുനല്‍കില്ലെന്നാണ് ആന ഉടമകള്‍ പറയുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നതിനെ വനംമന്ത്രി കെ രാജുവും എതിര്‍ക്കുകയാണ്. ശബ്ദം കേട്ടാല്‍ വിരളുകയും നീരും ആരോഗ്യപ്രശ്‌നങ്ങളുമുള്ള ആനകളുടെ വിലക്ക് തുടരുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയും വ്യക്തമാക്കിയിട്ടുണ്ട്.

പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും, ഒരു കണ്ണിന് പൂര്‍ണമായും മറ്റേ കണ്ണിന് ഭാഗികമായും കാഴ്ച ഇല്ലാത്ത ആനയെ പൂരത്തിന് എഴുന്നള്ളിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് നിരീക്ഷക സമിതിയുടെ വിലയിരുത്തല്‍. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍  നടത്താതെയാണ് ആനയ്ക്ക് കാഴ്ചയില്ലെന്ന് മോണിറ്ററിംഗ് കമ്മിറ്റി നിലപാട് സ്വീകരിച്ചതെന്നാണ് ദേവസ്വത്തിന്റെ വാദം. കേസില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണ്ണായകമാകും.