വീണാ ജോർജിന് ഓർത്തഡോക്സ് സഭ പരസ്യപിന്തുണ നൽകിയതിൽ ചട്ടലംഘനമില്ല; ജില്ലാ കളക്ടറുടെ റിപ്പോർട്ട്

single-img
10 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ഇടത്മുന്നണി സ്ഥാനാർത്ഥി വീണാ ജോർജിന് ഓർത്തഡോക്സ് സഭ പരസ്യ പിന്തുണ നൽകിയതിൽ ചട്ടലംഘനം ഇല്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. പത്തനംതിട്ട ജില്ലാ കലക്ടർ ഇതുസംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി.

മതത്തിന്റെ പേരിൽ വോട്ട് നൽകണമെന്ന ആഹ്വാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന പരാതിയിലായിരുന്നു ജില്ലാ കളക്ടറോട് കമ്മീഷന്‍ വിശദീകരണം തേടിയത്. ഇടത്മുന്നണിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്ത് വന്നത്.

ഇടത് സ്ഥാനാർത്ഥികളായ പത്തനംതിട്ടയിലെ വീണാ ജോർജ്ജിനും തൃശൂരില്‍ രാജാജി മാത്യു തോമസിനും ഓ‌ർത്തഡോക്സ് സഭ പരസ്യ പിൻതുണ പ്രഖ്യാപിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടിയിരുന്നു. ഇരു ജില്ലകളിലെയും കളക്ടർമാരോടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിശദീകരണം തേടിയത്. എന്നാല്‍, ചട്ടലംഘനം ഉണ്ടായില്ലെന്നാണ് തൃശ്ശൂർ കളക്ടര്‍ നേരത്തെ റിപ്പോർട്ട് നല്‍കിയിരുന്നു.