തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകം; അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

single-img
10 May 2019

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ഏഴ് വയസുകാരന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രതിയായ അരുൺ ആനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പോലീസ് യുവതിയ്ക്ക് എതിരെ കേസെടുത്തത്. പക്ഷെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലാത്തതിനാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രതിയായ അരുൺ ആനന്ദിനെ മാത്രം പ്രതി ചേർത്ത് കേസിൽ യുവതിയെ സാക്ഷിയാക്കാനായിരുന്നു പോലീസിന്റെ ആദ്യ നീക്കമെങ്കിലും അമ്മയ്ക്ക് എതിരെ കേസ് എടുക്കണമെന്ന് കാണിച്ച് ശിശുക്ഷേമ സമിതി റിപ്പോർട്ട് നൽകിയതോടെ പോലീസ് യുവതിയെ കേസിൽ പ്രതി ചേ‍ർക്കുകയായിരുന്നു. ഐപിസി 201, 212 വകുപ്പുകൾ അനുസരിച്ച് കുറ്റവാളിയെ സംരക്ഷിച്ചതിനും കുട്ടിയെ അരുൺ നിരന്തരം മർദ്ദിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചതിനുമാണ് കേസ്.

ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. എന്നാല്‍ ശിശുക്ഷേമ സമിതിയുടെ നിർദ്ദേശം അനുസരിച്ച് കുട്ടിയുടെ അമ്മയ്ക്ക് എതിരെ ജെജെ ആക്ട് പൊലീസ് ചുമത്തിയിട്ടില്ല. കുട്ടിയുടെ മരണത്തെ തുടര്‍ന്ന്‍ മാനസിക ചികിത്സയ്ക്ക് വിധേയയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.