റോഷനുമായി പ്രിയ വാര്യര്‍ പ്രണയത്തിലോ ?

single-img
10 May 2019

ഒരു അഡാര്‍ ലവ് സഹതാരം റോഷന്‍ അബ്ദുള്‍ റഊഫുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നിരസിച്ച് നടി പ്രിയ പ്രകാശ് വാര്യര്‍. സൂം ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഊഹാപോഹങ്ങളെ തള്ളിക്കളഞ്ഞത്. ആദ്യ സിനിമയില്‍ ഒപ്പം അഭിനയിച്ച ഒരേ പ്രായത്തിലുള്ള വ്യക്തി എന്ന നിലയില്‍ തങ്ങള്‍ക്കിടയില്‍ മാനസിക ഐക്യം നിലനിന്നിരുന്നുവെന്നും അത് സ്വാഭാവികം മാത്രമാണെന്നും പ്രിയ വ്യക്തമാക്കി.

നേരത്തെ, റോഷന്റെ ജന്‍മദിനത്തില്‍ ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുറിപ്പിന് മറുപടി നല്‍കിയ ആരാധകരില്‍ പലര്‍ക്കും അറിയേണ്ടത് റോഷനുമായി പ്രിയ പ്രണയത്തിലാണോ എന്നായിരുന്നു. ഒരു അഭിമുഖത്തില്‍ റോഷന് ഇതേ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നു. താനും പ്രിയയും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലല്ലെന്നും റോഷന്‍ മറുപടി നല്‍കിയിരുന്നു.

ഇതിനുപിന്നാലെയാണ് ഗോസിപ്പുകള്‍ തള്ളി പ്രിയയും രംഗത്തെത്തിയത്. ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിക്കുന്ന ഒരേപ്രായത്തിലുള്ള സഹതാരവുമായി ഐക്യമുണ്ടാകും. അത് രണ്ടുപേര്‍ക്കും ആശ്വാസകരവും തെറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ സഹായകരവുമാകും.

ഈ ഐക്യം അഭിനയം സംബന്ധിച്ച സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനും സഹായിക്കും- പ്രിയ വ്യക്തമാക്കി. റോഷനുമായി പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് ഊഹാപോഹങ്ങള്‍ അങ്ങനെ തന്നെ അവസാനിക്കുമെന്നും പ്രിയ പറഞ്ഞു. സത്യം പുറത്തു വരുമ്പോള്‍ ഊഹങ്ങള്‍ ഇല്ലാതാവുമെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.