സുരക്ഷാ സന്നാഹമില്ലാതെ വോട്ടിംഗ് യന്ത്രങ്ങള്‍ ട്രക്കില്‍ കൊണ്ടു പോകുന്ന വീഡിയോ പ്രചരിപ്പിക്കുന്നത് തടയാന്‍ ട്വിറ്ററിന് മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മര്‍ദ്ദം

single-img
10 May 2019

ലോകസഭാ തെരഞ്ഞെടുപ്പിൽ ലഖ്‌നൗവില്‍ നടന്ന നാലാം ഘട്ട വോട്ടെടുപ്പിനിടെ വോട്ടിംഗ് യന്ത്രങ്ങൾ യാതൊരു സുരക്ഷാ സന്നാഹവുമില്ലാതെ ട്രക്കില്‍ കയറ്റിക്കൊണ്ടു പോകുന്ന വീഡിയോ പ്രചരിപ്പിക്കുന്നത് തടയാന്‍ ട്വിറ്റര്‍ ഇന്ത്യയുടെ മേല്‍ സമ്മര്‍ദം ചെലുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയായിരുന്നു സുരക്ഷയില്ലാതെ യന്ത്രങ്ങളുമായി യാത്ര തിരിക്കുന്ന ട്രക്കിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

” വോട്ടുചെയ്യുന്നത് അവസാനിക്കുന്ന സമയം 6 മണിയാണ്. എന്നാല്‍ 5.30 ന് ഇത്രയും മെഷീനുകൾ എവിടേക്കാണ് കൊണ്ടുപോകുന്നത്? അതും യാതൊരു സുരക്ഷയും ഇല്ലാതെ? ‘ എന്നായിരുന്നു അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററില്‍ ചോദിച്ചത്. ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് വീഡിയോ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ലഖ്നൗവില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിട്ടായിരുന്നു വോട്ടിംഗ് യന്ത്രങ്ങൾ നിറച്ച ലോറി സുരക്ഷാ ജീവനക്കാരൊന്നും ഇല്ലാതെ റോഡിലൂടെ ഓടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ മണ്ഡലം കൂടിയാണ് ലഖ്‌നൗ. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും, ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനാല്‍, ഇന്ത്യയിലെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും പ്രസ്തുത വീഡിയോ കാണാന്‍ കഴിയുക എന്ന് ട്വിറ്റര്‍ തന്നെ അറിയിച്ചതായി മാധ്യമ പ്രവർത്തകൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

എന്നാൽ, നിലവിൽ വീഡിയോ മുഴുവനായും ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തിരിക്കുയാണ്. പുറത്തുവന്ന ദൃശ്യങ്ങൾക്ക് വിശദീകരണം പോലും നല്‍കാതെ , അതിനെ ചോദ്യം ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ സമ്മര്‍ദ തന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നുയരുന്നത്.