അബുദാബി കൊച്ചി വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ടാക്‌സി വേയില്‍നിന്ന് തെന്നിമാറി കാനയില്‍ വീണ സംഭവം; വനിതാ പൈലറ്റിന്റെ നിര്‍ദ്ദേശം അവഗണിച്ച പൈലറ്റ് കുറ്റക്കാരന്‍

single-img
10 May 2019

2017 സെപ്റ്റംബര്‍ രണ്ടിന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി കൊച്ചി വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ടാക്‌സി വേയില്‍നിന്ന് തെന്നിമാറി കാനയില്‍ കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാരന്‍ പ്രധാന പൈലറ്റെന്ന് കണ്ടെത്തല്‍. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ വിഷയത്തില്‍ വിശദമായ അന്വേഷണം പൂര്‍ത്തിയായപ്പോഴാണ് പ്രധാന പൈലറ്റിന്റെ അഹങ്കാരവും അപകടത്തിന് കാരണമായി എന്ന് കണ്ടെത്തിയത്.

സംഭവം നടന്ന ദിവസം ശക്തമായ മഴയായിരുന്നു വിമാനത്താവള പരിസരത്ത് പെയ്തിരുന്നത്. ഇതേതുടര്‍ന്ന് കാഴ്ച വ്യക്തമായിരുന്നില്ല. അതിനാല്‍ വിമാനത്തിലെ സഹപൈലറ്റായിരുന്ന യുവതി ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തി വേഗം കുറച്ച് ലാന്‍ഡിങ് നടത്തണമെന്നു പ്രധാന പൈലറ്റിനോട് നിര്‍ദ്ദേശിച്ചു.

എന്നാല്‍ തന്നേക്കാള്‍ 30 വയസ് കുറവും പരിചയ സമ്പത്തു കുറവുമുള്ള സഹപൈലറ്റിന്റെ നിര്‍ദ്ദേശം പ്രധാന പൈലറ്റ് പാടെ അവഗണിച്ചു. അതുകൊണ്ട് നിര്‍ദ്ദിഷ്ട ദിശയില്‍നിന്ന് 90 മീറ്റര്‍ മുമ്പായി വിമാനം തിരിക്കേണ്ടി വരികയും അപകടമുണ്ടാവുകയും ചെയ്തു.

പ്രധാന പൈലറ്റ് മദ്യപിച്ചിരുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അന്നത്തെ അപകടത്തില്‍ യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനത്തിന് സാരമായ തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു.