ബൈക്കില്‍ കയറാന്‍ വിസ്സമ്മതിച്ചതിന് നടുറോഡില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു; കൊലപാതകം പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെ

single-img
10 May 2019

ബൈക്കില്‍ കയറാന്‍ വിസ്സമ്മതിച്ചതിന് നടുറോഡില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബവ്‌ല സ്വദേശിനിയായ ദലിത് പെണ്‍കുട്ടി മിതല്‍ ജാദവ് (19) ആണ് നടുറോഡില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേതന്‍ വഖേലയെയും സുഹൃത്തുക്കളായ ശ്രാവണ്‍, ധന്‍രാജ് എന്നിവരെയും അറസ്റ്റ് ചെയ്തു.

രണ്ടാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. മാര്‍ക്കറ്റില്‍ സഹോദരിക്കൊപ്പം നടക്കുമ്പോഴാണ് കേതന്‍ ബൈക്കിലെത്തി പെണ്‍കുട്ടിയോട് കയറാന്‍ ആവശ്യപ്പെട്ടത്. വിസ്സമ്മതിച്ചതോടെ കൈവശമുണ്ടായിരുന്ന കത്തി എടുത്ത് ഇയാള്‍ കുത്തുകയായിരുന്നു.

തുടര്‍ന്ന് കേതന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെട്ടു. മകളെ ആക്രമിക്കുന്നത് മാര്‍ക്കറ്റിലുണ്ടായിരുന്നവര്‍ കണ്ടുനില്‍ക്കുകയും ചിലര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ഒരാള്‍ പോലും രക്ഷപെടുത്താന്‍ ഇടപെട്ടില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.