മോദിയുടെ ‘കള്ളംപൊളിച്ച്’ നാവികസേനാ മുന്‍ കമാന്‍ഡര്‍; ഏറ്റുപിടിച്ച ബിജെപിയും വെട്ടില്‍

single-img
10 May 2019

തിരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്കു കടക്കവേ, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ആക്രമണം കടുപ്പിച്ചു ബിജെപി. വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാടില്‍ രാജീവ് കുടുംബസമേതം അവധിയാഘോഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനു പിന്നാലെ, സിഖ് കലാപത്തിലും അദ്ദേഹത്തെ കടന്നാക്രമിച്ചു ബിജെപി രംഗത്തുവന്നു. സിഖ് സമുദായത്തിനു നിര്‍ണായക സ്വാധീനമുള്ള ഡല്‍ഹിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജീവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വോട്ടു പിടിക്കുകയാണു ബിജെപിയുടെ തന്ത്രമെന്നു വിലയിരുത്തിയ കോണ്‍ഗ്രസ്, പ്രത്യാക്രമണത്തിനു മൂര്‍ച്ച കൂട്ടി.

എന്നാല്‍ ഐഎന്‍എസ് വിരാടില്‍ രാജീവ് അവധിയാഘോഷിച്ചുവെന്ന ആരോപണം മുന്‍ സേനാമേധാവി നിഷേധിച്ചതു കോണ്‍ഗ്രസിന് ഊര്‍ജം പകര്‍ന്നു. മോദിയുടെ ആരോപണം വാസ്തവവിരുദ്ധമെന്ന് മുന്‍ നാവികസേനാ ചീഫ് അഡ്മിറല്‍ എല്‍. രാമദാസ് പറഞ്ഞു. വിരാടിന്റെ മുന്‍ കമാന്‍ഡിങ് ഓഫീസര്‍കൂടിയാണ് അദ്ദേഹം.

പ്രധാനമന്ത്രിയും ഭാര്യയും തിരുവനന്തപുരത്തുനിന്നാണ് ലക്ഷദ്വീപിലേക്കുള്ള യാത്രയില്‍ കപ്പലില്‍ കയറിയതെന്ന് എല്‍. രാമദാസ് പറഞ്ഞു. പ്രോട്ടോക്കോള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയായിരുന്നു അത്. ദേശീയ ഗെയിംസ് സമ്മാനദാനച്ചടങ്ങിന് മുഖ്യാതിഥിയായാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.

ദ്വീപ് വികസന അതോറിറ്റി യോഗത്തില്‍ അധ്യക്ഷതവഹിക്കാന്‍ രാജീവ് ഗാന്ധിയുടെ ഔദ്യോഗികയാത്രയായിരുന്നു അത്. ലക്ഷദ്വീപിലും അന്തമാനിലും മാറിമാറിയാണ് ഈ യോഗം ചേരുക. ഒരു വിദേശിയും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നില്ല. ദക്ഷിണ നാവിക കമാന്‍ഡിന്റെ കമാന്‍ഡിങ് ഇന്‍ ചീഫായ താനും ഐ.എന്‍.എസ്. വിരാടിലുണ്ടായിരുന്നുവെന്നും എല്‍.രാമദാസ് പറഞ്ഞു.

എന്നാല്‍, ബംഗാരം ദ്വീപിലേക്ക് അവധിക്കാലയാത്രയ്ക്ക് രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും ഐ.എന്‍.എസ്. വിരാട് ഉപയോഗിച്ചിരുന്നുവെന്നും നാവികസേനയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നുവെന്നും മുന്‍ കമാന്‍ഡര്‍ വി.കെ. ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. ആ സമയം താന്‍ വിരാടിലുണ്ടായിരുന്നുവെന്നും താന്‍ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതിനിടെ, പ്രധാനമന്ത്രിയായായിരുന്ന സമയത്ത് രാജീവ് ഗാന്ധി ഐ.എന്‍.എസ്. വിരാട് സ്വകാര്യ ടാക്‌സിയായി ഉപയോഗിച്ചു എന്ന് നരേന്ദ്ര മോദി പറഞ്ഞത് അസത്യമെന്ന് റിട്ട.െവെസ് അഡ്മിറല്‍ ഐ.സി. റാവുവും പറഞ്ഞു. 1987ല്‍ മുംബൈയില്‍ നാവിക സേന കപ്പല്‍ശാല അഡ്മിറല്‍ സൂപ്രണ്ടായിരുന്നു അദ്ദേഹം.

ഇത്തരം തെറ്റായ വാദങ്ങളിലൂടെ അവര്‍ പറയുന്ന സത്യവും തെറ്റായവിവരങ്ങളായി തോന്നും. രാഷ്ട്രീയക്കാര്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് മോശമാണ്. വോട്ടര്‍മാരെ ലക്ഷ്യമിട്ടാണത്. വോട്ടര്‍മാര്‍ അത് അവഗണിക്കണം. അന്ന് കപ്പലിലെ ജീവനക്കാര്‍ക്കായി രാജീവ് ഗാന്ധി അത്താഴം ഒരുക്കിയിരുന്നു. താന്‍ രാജീവ് ഗാന്ധിയുടെയോ അദ്ദേഹത്തിന്റെ നയങ്ങളുടെയോ ആരാധകനല്ല. പക്ഷേ, നാവികസേനയെയോ മറ്റ് സംവിധാനങ്ങളെയോ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത് അദ്ദേഹം പറഞ്ഞു.