സർക്കാർ ഉറച്ചുനിൽക്കുന്നു; ആനയുടമകൾ പൂരം ബഹിഷ്കരണത്തിൽ നിന്നും പിന്നോട്ട്

single-img
10 May 2019

തൃശ്ശൂർ പൂരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽനിന്ന് ആനയുടമകൾ പിന്മാറുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ എന്നിവർ ആനയുടമകളുമായി നടത്തിയ രണ്ടുമണിക്കൂറോളം നീണ്ട ചർച്ചയുടെ ഫലമായാണ് ആനയുടമകൾ വഴങ്ങിയത്. യോഗത്തിൽ സമവായമായില്ലെങ്കിലും ബഹിഷ്‌കരണം ഒഴിവാക്കുമെന്നാണ് സൂചന.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയ്ക്ക് പൂരംചടങ്ങിൽ പങ്കെടുക്കാനുള്ള വിലക്ക് സംബന്ധിച്ച തർക്കം നിയമപ്രശ്‌നമായതിനാൽ ചർച്ചയിൽ പരിഹാരമുണ്ടാക്കാനായില്ല. ഇതാണ് അന്തിമ തീരുമാനത്തിന് തടസ്സമായി നിൽക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാനുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.അതിനുപിന്നാലെ  വെള്ളിയാഴ്ചതന്നെ ആനയുടമകളും യോഗം ചേരുന്നുണ്ട്.

ആനപരിപാലനവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനായെന്നും ഇതിനോട് മന്ത്രിമാർ അനുകൂലമായി പ്രതികരിച്ചെന്നുമാണ് ആന ഉടമകളുടെ ഭാഗത്തുനിന്നുമുള്ളത്. ഇതിനെ ശുഭലക്ഷണമായാണ് ആനയുടമകൾ കാണുന്നത്. അതിനാൽ, പൂരം ബഹിഷ്‌കരണം പിൻവലിക്കാനാണ് സാധ്യത.