കളമശ്ശേരി ബസ് കത്തിക്കൽ കേസ്: വിചാരണ മാറ്റി വെച്ചു

single-img
10 May 2019

കളമശേരി ബസ് കത്തിക്കൽ കേസിൽ  പ്രധാന സാക്ഷികളും പ്രതികളും ഹാജരാകാത്തതിനെ തുടർന്ന്  കേസിലെ വിചാരണ മാറ്റിവെച്ചു. പ്രധാന സാക്ഷികൾക്കും പ്രതികൾക്കും എപ്പോൾ ഹാജരാകാൻ കഴിയുമെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എൻഐഎ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം നൽകി.

പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനി അടക്കം 6 പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. സൂഫിയ മദനിയടക്കം 13 പ്രതികള്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപത്രം നല്‍കിയിട്ടുള്ളത്.

2005 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോർട്ട് ബസ് ആണ് രാത്രി 9.30ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

കോയന്പത്തൂർ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസർ മദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികള്‍ കുറ്റകൃത്യം ചെയ്തത്. നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്‍റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. ബസ് തട്ടിയെടുക്കാന്‍ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല.