ശബരിമല കഴിഞ്ഞു; ഇനിയിപ്പോൾ പൂരത്തില്‍ മുതലെടുപ്പ് നടത്താനാകുമോ എന്ന ചിന്തയിലാണ്; ബിജെപിയെ രൂക്ഷമായി വിമർശിച്ച് കടകംപള്ളി

single-img
10 May 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിഷയത്തിൽ ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  വിലക്കില്‍ ബന്ധപ്പെട്ട അധികൃതര്‍ തീരുമാനം എടുക്കട്ടെ എന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവുമായി ബന്ധപ്പെട്ട ആചാരത്തില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ളവരോട് നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമോപദേശം ഇന്നുതന്നെ ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ബിജെപി നേതാക്കളുടെ ആരോപണം മന്ത്രി തള്ളി. അവര്‍ പൂരത്തിലും രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുകയാണ്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി നടത്തിയ ശ്രമങ്ങള്‍ കേരളം കണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ശബരിമല കഴിഞ്ഞപ്പോള്‍ പൂരത്തില്‍ മുതലെടുപ്പ് നടത്താനാകുമോ എന്ന് അവര്‍ ചിന്തിക്കുന്നു. അവരുടെ വിമര്‍ശനങ്ങളെക്കുറിച്ച് എന്ത് പറയാനാണ്. കേരളത്തിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തൃശൂര്‍ പൂരത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പൂരത്തെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നെഗറ്റീവ് അഭിപ്രായം ഇല്ല. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവുമായി ബന്ധപ്പെട്ട പ്രത്യേകചടങ്ങില്‍ പങ്കെടുപ്പിക്കുന്നതില്‍ സര്‍ക്കാരിന് വ്യത്യസ്ത അഭിപ്രായമില്ലെന്നും സുനിൽകുമാർ വ്യക്തമാക്കി.