രാമചന്ദ്രൻ അപകടമുണ്ടാക്കിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാർ: ആന ഉടമകൾ

single-img
10 May 2019

തൃശൂർ പൂരത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞ് അപകടമുണ്ടാക്കിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ആന ഉടമകൾ. ആനയെ എഴുന്നള്ളിക്കുന്നതിനായി സർക്കാരും ജില്ല ഭരണകൂടവും അനുകൂല തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന ഉടമകൾ പറഞ്ഞു.

ആന ഉടമകളുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ആന ഉടമകൾ അറിയിച്ചത്.

ആവശ്യമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. എന്നാൽ പൊതു താത്പര്യം കണക്കിലെടുത്ത് ഭാവിയില്‍ ഇത് അംഗീകരിക്കരുത് എന്നും എജി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. കർശന ഉപാധികളോടെയെന്ന് അനുമതി നൽകേണ്ടത് എന്ന് നിയമോപദേശത്തില്‍ കൃത്യമായി പറയുന്നുണ്ട്.

ആനയ്ക്ക് പ്രകോപനമുണ്ടാകില്ലെന്ന് ഉറപ്പാക്കണം, ജനങ്ങളെ നിശ്ചിത അകലത്തിൽ മാറ്റി നിർത്തണം, അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം എന്നീ ഉപാധികൾ കര്‍ശനമായി പാലിക്കണം എന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കി.

എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രമായി എഴുന്നള്ളിക്കാൻ തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.