ആനപ്രേമികളുടെ ശ്രദ്ധയ്ക്ക്: കഴിഞ്ഞദിവസം വീടും വാഹനങ്ങളും തകർത്ത വെൺമണി നീലകണ്ഠൻ ഒരുമാസമായി വിലക്ക് നേരിടുന്ന ആന; വിലക്ക് വകവെയ്ക്കാതെ ഉത്സവത്തിനും എഴുന്നള്ളിച്ചു

single-img
10 May 2019

കഴിഞ്ഞദിവസം കോന്നിയിൽ ഇടഞ്ഞ ആനയെ ദിവസങ്ങൾക്കുമുമ്പ് വിലക്കിയതാണെന്ന് റിപ്പോർട്ടുകൾ. വെൺമണി താഴം കോയിപ്പുറത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വെൺമണി നീലകണ്ഠൻ എന്ന ആനയാണ് ബുധനാഴ്ച അർദ്ധരാത്രിയിൽ ചങ്ങല പൊട്ടിച്ച് നാട്ടിൽ ഭീതി പരത്തിയത്.കാറുകളും ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും തകർത്ത കൊമ്പൻ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ഒരു മാസം മുമ്പ് പന്തളത്ത് അക്രമം കാട്ടിയതിനെ തുടർന്ന് നീലകണ്ഠനെ സോഷ്യൽ ഫോറസ്ട്രി അധികൃതർ വിലക്കിയിരുന്നു. അവിടെ കാർ മറിച്ചിട്ടു. ഇതേ തുടർന്ന് നാട്ടാനകളുടെ ചുമതലയുള്ള സോഷ്യൽ ഫോറസ്ട്രി അധികൃതർ ആനയെ പുറത്തിറക്കരുതെന്ന് ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതു വകവയ്ക്കാതെയാണ് ആനയെ ഉത്സവത്തിനും തടിപിടിക്കാനും മ​റ്റും പിന്നീടും ഉപയോഗിച്ചത്.

കഴിഞ്ഞ പത്താമുദയത്തിന് കല്ലേലി ഊരാളി അപ്പൂപ്പൻകാവ്‌ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച നീലകണ്ഠനെ കല്ലേലി പുതുവേലി വളവിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നോടെ പൊട്ടിച്ച ചങ്ങലയുമായി പാഞ്ഞ ആന ഇവിടെ നിന്ന് മറുകരയിലുള്ള പഞ്ചായത്തുപടിയിലേക്ക് പായുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും, വനം വകുപ്പിന്റെ സ്‌ട്രൈക്കിംഗ് ഫോഴ്‌സും എത്തി. ഒന്നാം പാപ്പാനായ അരുവാപ്പുലം മിച്ചഭൂമിയിലെ മനു എത്തി തളയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കടവിലെ തടയണയിലൂടെ മറുകരയിലെ ഐരവൺ ആ​റ്റുവശത്തെ മുരുകക്ഷേത്രത്തിനരികെ എത്തി നിലയുറപ്പിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തളയ്ക്കാനായത്.