മുൻ പ്രധാനമന്ത്രിയുടെ അന്തസിനെക്കുറിച്ചു പറയുന്നവർ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ അന്തസിനെക്കുറിച്ചു ചിന്തിക്കുന്നില്ല: അമിത് ഷാ

single-img
10 May 2019

രാജീവ് ഗാന്ധി വിവാദത്തില്‍ മുൻ പ്രധാനമന്ത്രിയുടെ അന്തസിനെക്കുറിച്ചു പറയുന്നവർ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ അന്തസിനെക്കുറിച്ചു ചിന്തിക്കുന്നില്ല എന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചതു ദുര്യോധനൻ എന്നാണ്. മറ്റു ചിലർ ഹിറ്റ്ലർ എന്നും തീവ്രവാദി എന്നും വിളിക്കുന്നു. എന്നാൽ രാജീവ് ഗാന്ധിയെക്കുറിച്ചു പറയുമ്പോൾ അങ്ങനെയല്ല.

ഭോപാൽ ദുരന്തത്തില്‍ പ്രധാന കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിച്ചത് ആരാണ്?. ബൊഫോഴ്സ് അഴിമതിയില്‍അദ്ദേഹം കുറ്റാരോപിതനായിരുന്നില്ലേ എന്നും അമിത് ഷാ ചോദിച്ചു. 2014ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക് ഇത്തവണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് യന്ത്രത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാർ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചതെങ്ങനെയെന്നും അമിത് ഷാ ചോദിച്ചു എങ്ങിനെയാണ് മമത ബാനർജിയും അരവിന്ദ് കേജ്‌രിവാളും ജയിച്ചത്. യന്ത്രത്തിന് തകരാറുണ്ടെന്ന് ആവർത്തിക്കുന്നതിലൂടെ കോൺഗ്രസ് തങ്ങളുടെ പരാജയം ഉറപ്പിച്ചു. അതാണ്‌ 50% വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യമുയർത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.

ചട്ടലംഘന പരാതികളില്‍ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ക്ലീൻ ചിറ്റ് നൽകുന്നതിനെതിരെ പരാതികൾ ഉയരുന്നുണ്ട്. എന്നാല്‍ എത്ര തവണയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കു ക്ലീൻ ചിറ്റ് നൽകിയത്. കിഷൻഗൻജിൽ കോണ്‍ഗ്രസ് എംപി നവജോത് സിങ് സിദ്ദു നടത്തിയതുപോലെ ധ്രുവീകരണ പ്രസംഗം വളരെ ചുരുക്കമായേ കേട്ടിട്ടുള്ളു. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നു ഞങ്ങൾ ആവശ്യപ്പെട്ടില്ല. ചട്ട ലംഘനത്തില്‍കോൺഗ്രസിന്റെ സമ്മർദം സഹിക്കാതാകുമ്പോൾ മാത്രമാണു ഞങ്ങൾ പരാതി നൽകുന്നത്- അമിത് ഷാ പറഞ്ഞു.