വിവാഹ ചടങ്ങിന് ദലിത് യുവാവ് എത്തിയത് കുതിരപ്പുറത്ത്‌; ഗുജറാത്തില്‍ മേല്‍ജാതിക്കാര്‍ യുവാവിനേയും സമുദായത്തേയും ഊരുവിലക്കി

single-img
10 May 2019

ദലിത് സമുദായത്തിലെ യുവാവ് കുതിരപ്പുറത്ത് വിവാഹത്തിനെതിയതിന്റെ പേരിൽ മേല്‍ ജാതിക്കാരുടെ ഊരുവിലക്ക്‌. ഗുജറാത്തിലെ മെഹ്‍സാന ജില്ലയിൽ ഈ മാസം ഏഴിനാണ് സംഭവം. തന്റെ വിവാഹ വേദിയിലേക്ക് കുതിരപ്പുറത്ത് എത്തിയ ദലിത് യുവാവിനും സമുദായത്തിനും മേല്‍ജാതിക്കാര്‍ വിലക്ക് കല്‍പ്പിക്കുകയായിരുന്നു.

ഊരുവിലക്കിനെ തുടര്‍ന്ന്‍ യുവാവിന്‍റെ പിതാവ്റെ നല്‍കിയ പരാതിയില്‍ ഗ്രാമമുഖ്യനുള്‍പ്പെടെ മേല്‍ജാതിയില്‍പ്പെട്ട കുറ്റക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ ചടങ്ങില്‍ വരന്‍ കുതിരപ്പുറത്ത് എത്തിയത് ചടങ്ങില്‍ പങ്കെടുത്ത മേല്‍ജാതിക്കാരെ ചൊടിപ്പിച്ചിരുന്നു. മേല്‍ജാതിക്കാരുടെ പരാതിയെ തുടര്‍ന്ന് ഗ്രാമത്തിലെ ദലിത് വിഭാഗം ഒഴികെ ബാക്കിയുള്ളവര്‍ ഒത്തുചേരാന്‍ ഗ്രാമമുഖ്യന്‍ അറിയിപ്പ് നല്‍കി.

ദളിത്‌ വിഭാഗത്തെ ഒഴിവാക്കി നടത്തിയ നാട്ടുകൂട്ടത്തില്‍ പങ്കെടുത്ത മേല്‍ജാതിക്കാരില്‍ ചിലര്‍ ദലിത് വിഭാഗക്കാരുടേത് അതിരുകടന്ന പ്രവൃത്തിയാണെന്ന് ആരോപിച്ചു. ഇതിനെ തുടര്‍ന്ന് ദലിത് വിഭാഗത്തിന് ഒന്നടങ്കം ഊരുവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. വിലക്കിനെ തുടര്‍ന്ന് ഗ്രാമത്തിലുള്ളവര്‍ ഇവര്‍ക്ക് ഭക്ഷണമോ ജോലിയോ നല്‍കരുതെന്നും പൊതുവാഹനങ്ങളില്‍ ഇരിക്കാന്‍ സീറ്റ് നല്‍കരുതെന്നും ഗ്രാമ പ്രമുഖര്‍ ഉത്തരവിട്ടു.

കുറ്റക്കാരായവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.