‘ഇത് 2019ലെ തെരഞ്ഞെടുപ്പാണ്; 1984 അല്ല’: മോദിയെ ‘കളിയാക്കി’ കോണ്‍ഗ്രസ്: മോദിജി… ടൈം മെഷീന്‍ കണ്ടു പിടിച്ചോ എന്ന് ഒമര്‍ അബ്ദുള്ള: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
10 May 2019

തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്കു കടക്കവേ, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ബിജെപി. വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാടില്‍ രാജീവ് കുടുംബസമേതം അവധിയാഘോഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനു പിന്നാലെ, സിഖ് കലാപത്തിലും അദ്ദേഹത്തെ കടന്നാക്രമിച്ചു ബിജെപി രംഗത്തുവന്നു.

എന്നാല്‍ സിഖ് സമുദായത്തിനു നിര്‍ണായക സ്വാധീനമുള്ള ഡല്‍ഹിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജീവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വോട്ടു പിടിക്കുകയാണു ബിജെപിയുടെ തന്ത്രമെന്നു വിലയിരുത്തിയ കോണ്‍ഗ്രസ്, പ്രത്യാക്രമണത്തിനു മൂര്‍ച്ച കൂട്ടി.

‘ഇത് 2019ലെ തെരഞ്ഞടുപ്പാണ്. 1966ലെയോ 1984ലെയോ 1951ലെയോ തെരഞ്ഞടുപ്പല്ല’ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും മോദിയുടെ ഈ സമീപനത്തെ കളിയാക്കി രംഗത്തെത്തി.

മോദിജി ടൈം മഷീന്‍ കണ്ടു പിടിച്ചോ എന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ സംശയം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുന്ന സമീപവും ചില നേതാക്കള്‍ നടത്തി.

ഐ.എന്‍.എസ് വിരാട് യുദ്ധവിമാനം ഗാന്ധി കുടുംബത്തിന്റെ ‘പെഴ്‌സണല്‍ ടാക്‌സി’യായിരുന്നു എന്നായിരുന്നു മോദിയുടെ പുതിയ വിമര്‍ശനം. ഇതിന് പിറകെ സാമ്പത്തിക കാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും അതിനെ പിന്‍താങ്ങി രംഗത്തെത്തിയിരുന്നു.

തൊട്ടുപിന്നില്‍ മന്ത്രി നിര്‍മ്മല സീതാരാമനും ആരോപണങ്ങളുടെ ചുക്കാന്‍ പിടിച്ച് രംഗത്ത് വന്നു. ‘രാജീവ് ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നു. അതിനാല്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്ന് വെച്ച് അദ്ദേഹത്തിന്റെ ഭരണകാലത്തെ അഴിമതികളെക്കുറിച്ച് പറയാതിരിക്കാനാവില്ല. തെറ്റായ ഭരണ രീതികളെക്കുറിച്ച്, ബോപ്പാലിനെക്കുറിച്ച് ഒന്നും പറയാതിരിക്കാനാവില്ല’ നിര്‍മ്മല പറഞ്ഞു.

എന്നാല്‍ ഐഎന്‍എസ് വിരാടില്‍ രാജീവ് അവധിയാഘോഷിച്ചുവെന്ന ആരോപണം മുന്‍ സേനാമേധാവി നിഷേധിച്ചതു കോണ്‍ഗ്രസിന് ഊര്‍ജം പകര്‍ന്നു. അവധിയാഘോഷിക്കാനല്ല, പ്രധാനമന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണു രാജീവ് കപ്പലില്‍ സഞ്ചരിച്ചതെന്നാണു നാവികസേന മുന്‍ മേധാവി അഡ്മിറല്‍ എല്‍. രാംദാസ് വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയെന്ന ഔദ്യോഗിക പദവിയിലാണു രാജീവ് പോയതെന്നും ഒരുതരത്തിലുള്ള ചട്ടലംഘനങ്ങളും നടന്നിട്ടില്ലെന്നും ആരോപണത്തിനാധാരമായ സംഭവം നടന്ന വേളയില്‍ വിരാടിന്റെ കമാന്‍ഡിങ് ഓഫിസറായിരുന്ന വൈസ് അഡ്മിറല്‍ വിനോദ് പസ്‌രീച പസ്‌രീച വ്യക്തമാക്കി.