പതിമൂന്നുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച സംഭവം; നേരത്തെ സംഭവം അറിഞ്ഞിട്ടും മറച്ചുവച്ച അമ്മയും അറസ്റ്റിൽ

single-img
10 May 2019

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും അറസ്റ്റില്ലായി. പീഡന വിവരം മറച്ചുവച്ചതിന് പോക്‌സോ നിയമപ്രകാരമാണ് അമ്മയ്‌ക്കെതിരേ കേസെടുത്തത്.

കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടാനച്ഛന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടി നല്‍കിയ മൊഴി. വിവരം അറിയാമായിരുന്നിട്ടും അമ്മ ഇക്കാര്യം പുറത്തുപറഞ്ഞില്ലെന്ന് എസ്ഐ പിടി. ബിജോയ് പറഞ്ഞു. കേസില്‍ വൈപ്പിന്‍ സ്വദേശിയായ രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം എളമക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്റ്റുഡന്റ് പോലീസ് കേഡറ്റായ കുട്ടിയുടെ മൂത്ത സഹോദരിയാണ് പീഡനവിവരം മുത്തച്ഛനെ അറിയിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വനിത പോലീസെത്തി കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. പെണ്‍കുട്ടിയെ മുത്തച്ഛന്റെയും മുത്തശിയുടെയും സംരക്ഷണയില്‍ വിട്ടു. അറസ്റ്റിലായ അമ്മയേയും രണ്ടാനച്ഛനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.