മമതയെ തകര്‍ക്കാന്‍ ബംഗാളിലെ സിപിഎം അണികള്‍ ബിജെപിക്കായി പ്രവര്‍ത്തിച്ചു; ബൂത്ത് തലങ്ങളില്‍ വ്യാപകമായി സിപിഎം ബിജെപി ധാരണ; റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമങ്ങള്‍

single-img
10 May 2019

പശ്ചിമ ബംഗാളിലെ സിപിഎം അണികള്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മമത ബാനര്‍ജിക്കെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ബൂത്ത് തലങ്ങളില്‍ വ്യാപകമായി സിപിഎം ബിജെപി ധാരണയുള്ളതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നഗരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബിജെപിക്ക് ശക്തികുറഞ്ഞ ഗ്രാമപ്രദേശങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴുഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ബംഗാള്‍.

കൊല്‍ക്കത്തയിലെ ഉത്തര്‍ മണ്ഡലത്തില്‍ 1862 പോളിങ് ബൂത്തുകള്‍ ആണ് ആകെയുളളത്. എന്നാല്‍ 500 ഓളം തിരഞ്ഞെടുപ്പ് ഏജന്റുമാരേ ബിജെപിക്ക് ഇവിടെ ഉള്ളൂ. ബാക്കിയുള്ള ബൂത്തുകളില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സഹായം ലഭിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സിപിഎം സഖ്യം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നില്ല. ഇതോടെയാണ് തൃണമൂല്‍ ശക്തമായ പ്രദേശങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒറ്റയ്‌ക്കൊറ്റയ്ക്കു പിടിച്ചുനില്‍ക്കാനുള്ള സാഹചര്യമില്ലാത്ത പ്രദേശങ്ങളില്‍ ഈ നീക്കുപോക്കുകള്‍ ആവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുപ്പത്തിയഞ്ച് കൊല്ലത്തെ ഭരണത്തിന് ശേഷം 2011 ല്‍ ബംഗാളില്‍ അധികാരം നഷ്ടപ്പെട്ട ഇടതുപക്ഷ കക്ഷികള്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മിന് തൃണമൂലില്‍ നിന്നും വലിയ തോതിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇതിന് പ്രതികാരം എന്ന നിലയിലാണ് സിപിഎം പ്രദേശികതലങ്ങളില്‍ ബിജെപിയുമായി കൈകോര്‍ക്കുന്നത്. 2014നെ അപേക്ഷിച്ച് ഹിന്ദി മേഖലയില്‍ നഷ്ടപ്പെടുന്ന സീറ്റുകളുടെ നഷ്ടം ബംഗാളില്‍ നിന്നും തീര്‍ക്കാം എന്നാണ് ബിജെപി പ്രതീക്ഷ.