അയോധ്യ കേസ്: മധ്യസ്ഥ ചർച്ചകൾക്ക് ഓഗസ്റ്റ് 15 വരെ സമയം നീട്ടി സുപ്രീം കോടതി • ഇ വാർത്ത | evartha
Latest News, National, Top Stories

അയോധ്യ കേസ്: മധ്യസ്ഥ ചർച്ചകൾക്ക് ഓഗസ്റ്റ് 15 വരെ സമയം നീട്ടി സുപ്രീം കോടതി

അയോധ്യാഭൂമിക്കേസില്‍ മധ്യസ്ഥ ചര്‍ച്ചക്കായി ഓഗസ്റ്റ് 15 വരെ സുപ്രീംകോടതി സമയം അനുവദിച്ചു. മധ്യസ്ഥസമിതിയുടെ അടുത്ത സിറ്റിങ് ജൂണ്‍ രണ്ടിന് നടക്കും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
മധ്യസ്ഥതയുടെ ഇതുവരെയുള്ള ചർച്ചകളുടെ റിപ്പോർട്ട് സമിതി കോടതിയ്ക്ക് കൈമാറി.

“ചർച്ചകൾക്ക് ഫലമുണ്ടാകുമെന്ന് മധ്യസ്ഥ സമിതിയ്ക്ക് ശുഭാപ്തിവിശ്വാസമുണ്ടെങ്കിൽ സമയം അനുവദിക്കുന്നതിൽ എന്താണ് തെറ്റ്? ഈ വിഷയം എത്രയോ വർഷങ്ങളായി അനിശ്ചിതമായി തുടരുകയാണ്. പിന്നെന്തുകൊണ്ട് സമയം അനുവദിച്ചുകൂടാ?” കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരാണ് കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലുള്ളത്.

മധ്യസ്ത സമിതിയുടെ ശ്രമങ്ങളിൽ പുറത്തുനിന്നാരും ഇടപെടില്ലെന്നും കോടതി ഉറപ്പുകൊടുത്തു. എതിർപ്പുകൾ ഉള്ളവർ ജൂൺ 30-നു മുന്നേ അത് സമിതിയുടെ മുൻപാകെ അത് ഉന്നയിക്കണം.

ഹിന്ദു വിഭാഗത്തിനും മുസ്ലീം വിഭാഗത്തിനും വേണ്ടി ഹാജരായ അഭിഭാഷകർ സമിതിയുടെ ശ്രമങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചു, തങ്ങൾ എല്ലാവരും സമിതിയോട് പൂർണ്ണമായും സഹകരിക്കുമെന്നും അവർ പറഞ്ഞു.