തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് നിയമോപദേശം; ഉത്തരവാദിത്തം ആനയുടമയ്ക്ക്

single-img
10 May 2019

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കി. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങളെ അകലെ നിര്‍ത്തണം. ആനയ്ക്ക് പ്രകോപനമുണ്ടാകാതെ നോക്കണമെന്നും നിയമോപദേശത്തില്‍ പറയുന്നു.

ഭാവിയില്‍ ഇത് കീഴ്‌വഴക്കമാക്കരുതെന്നും എ.ജി. വ്യക്തമാക്കുന്നു. അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്തം ആനയുടമക്കാകും. ഇക്കാര്യം ഉടമയില്‍ നിന്ന് എഴുതിവാങ്ങണമെന്നും അഡ്വ. ജനറല്‍ വ്യക്തമാക്കി. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധം, നാട്ടാനപരിപാലനച്ചട്ടം പാലിക്കണം എന്നീ നിര്‍ദേശങ്ങളുമുണ്ട്. അഡ്വക്കറ്റ് ജനറല്‍ തൃശൂര്‍ കലക്ടര്‍ക്ക് നിയമോപദേശം നല്‍കി.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു. ഉചിതമായ അധികാര കേന്ദ്രങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്കില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞദിവസം നിലപാടെടുത്തിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്നതില്‍ നിന്നും വിലക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.