ഏതെങ്കിലും വിദേശ കമ്പനി എഴുതിവെച്ചാൽ രാഹുല്‍ ബ്രിട്ടീഷ് പൗരനാകുമോ?; ചോദ്യവുമായി ചീഫ് ജസ്റ്റിസ്; രാഹുല്‍ ഗാന്ധിക്കെതിരായ വിദേശപൗരത്വ കേസ് തള്ളി

single-img
9 May 2019

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിദേശപൗരത്വ കേസ് സുപ്രീംകോടതി തള്ളി.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഇതൊരു പരാതിയായി കാണാനാല്ലെന്ന് കോടതി വ്യക്തമാക്കി. ഏതെങ്കിലും വിദേശ കമ്പനിഎഴുതിവെച്ചതുകൊണ്ട് രാഹുല്‍ ബ്രിട്ടീഷ് പൗരനാകുമോയെന്നും ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് ചോദിച്ചു.

ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചുകൊണ്ട് നടക്കുന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്നു ഹര്‍ജി നല്‍കിയ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് കോടതിയില്‍ വാദിച്ചു. എന്നാല്‍ അങ്ങനെ ആഗ്രഹിക്കാത്ത ആരുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം.

യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന് പേരുള്ള സംഘടനയാണ് രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച്‌ കോടതിയെ സമീപിച്ചത്.രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നുള്ള പരാതിയുണ്ടെന്നും അതിനാല്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

എന്നാൽ, രാഹുലിനെതിരെ വിദേശ പൗരത്വ ആരോപണം ഉയർന്നപ്പോൾ തന്നെ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയിൽ 1970 ജൂണ്‍ 19, ഉച്ചയ്‍ക്ക് 2.28നാണ് രാഹുൽ ജനിച്ചതെന്നും ആശുപത്രി റെക്കോഡില്‍ കുഞ്ഞിന്റെ പേര് ബേബി ഓഫ് സോണിയാ ഗാന്ധി എന്നാണു രേഖപ്പെടുത്തിയതെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.