ആഴ്ചയിൽ ഒരുദിവസം മാത്രം ജോലിക്കെത്തുന്ന സർജൻ; പരാതി കൊടുക്കാൻ വരട്ടെ; ഇദ്ദേഹം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രികൂടിയാണ്

single-img
9 May 2019

ഭൂട്ടാന്‍റെ തലസ്ഥാനമായ തിംഫുവിലെ ജിഗ്മെ ഡോര്‍ജി വാങ്‌ചുക്‌ എന്ന ദേശീയ റഫറല്‍ ആശുപത്രിയില്‍ ശനിയാഴ്‌ച്ചകളില്‍ മാത്രം ജോലിയ്‌ക്ക്‌ എത്തുന്ന ഒരു സര്‍ജനുണ്ട്‌, അദ്ദേഹത്തിന്‍റെ പേര്‌ ലോട്ടെ ഷെറിങ്‌. ഇയാള്‍ക്കെതിരെ പരാതി കൊടുക്കാന്‍ തോന്നുന്നുണ്ടോ? എന്നാല്‍ ഇത് കൂടി കേട്ടോളൂ, ഇദ്ദേഹം ഒരു ഡോക്ടര്‍ മാത്രമല്ല, ആ രാജ്യത്തെ 7,50,000 ജനങ്ങളുടെ പ്രധാനമന്ത്രി കൂടിയാണ്‌.

എന്തിനാണ് ഇപ്പോഴും ജോലിക്ക് എത്തുന്നതെന്ന് ചോദിച്ചാല്‍ അദ്ദേഹം നല്‍കുന്ന മറുപടി “എനിക്കിതൊരു സ്‌ട്രെസ്‌-റിലീഫാണ്‌.” എന്നായിരിക്കും “ചില ആളുകള്‍ ഗോള്‍ഫ്‌ കളിക്കും, മറ്റു ചിലര്‍ അമ്പെയ്‌ത്ത്‌ പരിശീലിക്കും. എനിക്കാണെങ്കില്‍ രോഗികളെ ശുശ്രൂഷിക്കാനാണ്‌ ഇഷ്ടം. അതുകൊണ്ട്‌ വാരാന്ത്യങ്ങള്‍ ഞാനിവിടെ ചെലവഴിക്കുന്നു.” ഷെറിങ്‌ പറയുന്നു.

ശനിയാഴ്ചയുള്ള ചികിത്സയ്ക്ക് പുറമേ വ്യാഴാഴ്‌ച്ചകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക്‌ ക്ലാസ്സെടുക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തുന്നു. ഞായറാഴ്ചകള്‍ അദ്ദേഹത്തിന്‌ സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ളതാണ്‌. രാജ്യത്തിന്റെ ആരോഗ്യരംഗത്തിന്റെ പുരോഗതി വാഗ്‌ദാനം ചെയ്‌താണ്‌ താന്‍ അധികാരത്തിലേറിയതെന്നും അതുകൊണ്ട്‌ തന്നെ തന്റെ മരണം വരെ ഡോക്ടറെന്ന നിലയിലുള്ള സേവനം തുടരുമെന്നും അമ്പതുകാരനായ ഷെറിങ്‌ പറയുന്നു.

ബംഗ്ലാദേശ്‌, ജപ്പാന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലായിരുന്നു ഷെറിങിന്റെ പഠനം. 2013ലാണ്‌ ലോട്ടെ ഷെറിങ്‌ രാഷ്ട്രീയരംഗത്തേക്ക്‌ എത്തിയത്‌. ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. തുടര്‍ന്ന്‌ ഗ്രാമീണമേഖലകളില്‍ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. ഭൂട്ടാനിലെ ശിശുമരണനിരക്ക്‌ കുറയ്‌ക്കുന്നതിലും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിലും പകര്‍ച്ചവ്യാധികളെ തടയുന്നതിലുമൊക്കെ വളരെയധികം പുരോഗതിയാണ്‌ ഷെറിങിന്റെ ഭരണകാലത്ത്‌ ഉണ്ടായിട്ടുള്ളത്‌.

ജീവിതശൈലിയിലൂടെ രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമാണ്‌ ഇപ്പോള്‍ ഭൂട്ടാന്‍ പ്രാധാന്യം നല്‍കുന്നത്‌. ലോകരാജ്യങ്ങളിലെ സന്തോഷ സൂചികപ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ്‌ ഭൂട്ടാന്‍. ഇവിടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ പ്രധാനമന്ത്രിയാണ്‌ ഷെറിങ്‌. 2008ലാണ്‌ രാജ്യത്ത്‌ രാജഭരണം അവസാനിച്ചത്‌. സാമ്പത്തിക വളര്‍ച്ചയെക്കാള്‍ ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും മുന്‍ഗണന നല്‍കുന്ന രാജ്യമാണിത്‌.

രാജ്യത്തിന്റെ പുരോഗതി അവിടുത്തെ പൗരന്മാരുടെ സന്തോഷത്തിലാണെന്നാണ്‌ വിശ്വസിച്ച്‌ ഗ്രോസ്‌ നാഷണല്‍ ഹാപ്പിനെസ്‌ എന്ന ആശയം ആദ്യമായി നടപ്പാക്കിയ രാജ്യം കൂടിയാണിത്‌. അന്തരീക്ഷ മലിനീകരണം തീരെ കുറവായ ഭൂട്ടാനില്‍ 60 ശതമാനവും വനമേഖലയായി നിലനിര്‍ത്തിക്കൊള്ളാമെന്ന്‌ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ളതാണ്‌.