രാമചന്ദ്രൻ ഇടഞ്ഞാൽ ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണം: വി എസ് സുനിൽ കുമാർ

single-img
9 May 2019

തൃശൂര്‍: പൂരത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുമായി മന്ത്രി സുനിൽ കുമാർ ചർച്ച നടത്തുകയാണ്.

ആനയുടെ വിലക്കിനെ ചോദ്യം ചെയ്ത് തെച്ചിക്കോട്ടുകാവ് ദേവസ്വമാണ് ഹര്‍ജി നല്‍കിയത്. എന്നാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയെ അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ എതിര്‍ക്കില്ല. എന്നാല്‍ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നൽകില്ല. മന്ത്രിതല യോഗത്തിൽ ഉണ്ടായ തീരുമാനം സർക്കാർ അട്ടിമറിച്ചു. ഉടമകൾ ആനകളെ പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.