കാര്യങ്ങള്‍ രാഹുലിന് അനുകൂലമാകുന്നു ?; കോണ്‍ഗ്രസുമായി സഖ്യസാധ്യത തേടി ടിആര്‍എസ്

single-img
9 May 2019

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ രാജ്യത്ത് തൂക്ക് സര്‍ക്കാര്‍ അധികാരത്തില്‍ വന്നേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവു കോണ്‍ഗ്രസ് ചേരിയിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നു.

ഫെഡറല്‍ മുന്നണി കെട്ടിപ്പെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് ചന്ദ്രശേഖര റാവു കോണ്‍ഗ്രസ് ചേരിയിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നത് എന്നാണ് വിവരം. സ്റ്റാലിന്‍ അടുക്കാതെ വരികയും പ്രാദേശിക കക്ഷികള്‍ വേണ്ടത്ര സഹകരിക്കാതെ മാറിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫെഡറല്‍ മുന്നണി നീക്കങ്ങളില്‍ നിന്ന് ചന്ദ്രശേഖര റാവു പിന്മാറിയത്.

ടിആര്‍എസ് പാര്‍ട്ടി നേതാക്കളില്‍ ഒരാള്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. ഈ കൂടിക്കാഴ്ചയെ കുറിച്ച് ഇരു പാര്‍ട്ടികളും സ്ഥിരീകരണം നല്‍കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് ബി.ജെ.പി ഇതര മൂന്നാം മുന്നണി സര്‍ക്കാരിന് വേണ്ടി ശക്തമായി വാദിച്ചിരുന്ന ടി.ആര്‍.എസ് കോണ്‍ഗ്രസ് പാളയത്തിലേക്ക് മാറാന്‍ ശ്രമം ആരംഭിച്ചതിന്റെ സൂചനയായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.

ദേശീയ പാര്‍ട്ടികളില്ലാതെയുള്ള സഖ്യശ്രമങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ആത്മഹത്യാപരമാവുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് കെ ചന്ദ്രശഖര്‍ റാവു ഈ നീക്കം നടത്തുന്നത്. ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് യു.പി.എയ്ക്കുള്ളിലേയും പുറത്തെയും പാര്‍ട്ടികളുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ ഇതിലൊന്നും ഒരു ഘട്ടത്തിലും ടി.ആര്‍.എസ് ഭാഗമായിരുന്നില്ല. തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് പിന്നാലെ കോണ്‍ഗ്രസിനെ കൈവിട്ട റാവുവിനെ രാഹുലും സംഘവും വിശ്വാസത്തിലെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.