പൂരത്തിന് ആനയ്ക്ക് വേണ്ടി അടികൂടുന്നവര്‍ കൊട്ടാരക്കരക്കാരെ കണ്ടുപഠിക്കണം; മേടതിരുവാതിര മഹോത്സവത്തിന്‌ ഇവിടെ എഴുന്നള്ളിച്ചത്‌ ആനയെയല്ല ‘ആനവണ്ടി’യെ

single-img
9 May 2019

തൃശൂർ പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസവും വരുന്നത് പത്തിലധികം വാർത്തകളാണ്. അതിന് പുറമെയാണ് ആനയുടെ പേരിൽ മനുഷ്യർ തമ്മിലുള്ള തമ്മിലടി. ഇതാ, അങ്ങനെയുള്ളവർക്ക് കണ്ടു പഠിക്കാൻ വ്യത്യസ്‌തമായൊരു ഉത്സവക്കാഴ്‌ച്ചയ്‌ക്ക്‌ വേദിയായിരിക്കുകയാണ്‌ കൊട്ടാരക്കര. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തിന്‌ എഴുന്നള്ളത് നടത്തിയത് ആനയെയല്ല ‘ആനവണ്ടി’യെയാണ്‌.

ഇതിനായി കെഎസ്‌ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ മൊബൈല്‍ വര്‍ക്ഷോപ്പ്‌ വാന്‍ ആണ്‌ ഉത്സവത്തിന്‌ എത്തിച്ചത്. ഗ്ളാസുകൾക്ക് മുന്നിൽ നെറ്റിപ്പട്ടം കെട്ടിച്ച്‌ പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച്‌ ഏത് ഗജരാജനെയും തോൽപ്പിക്കുന്ന പ്രൗഢിയോടെ തന്നെയായിരുന്നു മലയാളികളുടെ സ്വന്തം ആനവണ്ടിയുടെ വരവ്‌.

അതിനാകട്ടെ ജനങ്ങളും പിന്തുണ നൽകി. റോഡിനിരുവശവും ആനവണ്ടി എഴുന്നള്ളിപ്പ്‌ കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു. ക്ഷേത്ര ഉത്സവത്തിൽ കൊട്ടാരക്കര കെഎസ്‌ആര്‍ടിസി എല്ലാ വർഷവും ഭാഗമാകാറുണ്ട്‌.
ക്ഷേത്രത്തിലെ ഒരു ദിവസത്തെ ഉത്സവം തങ്ങളുടെ വകയാക്കി ആഘോഷമാക്കാറാണ്‌ പതിവ്‌. ഇത്തവണ എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യണമെന്ന ആശയം വന്നതാണ് ‘ആനവണ്ടി എഴുന്നള്ളത്തിൽ’ എത്തിയത്.