തൃശൂർ പൂരം പ്രതിസന്ധിയിൽ; പരിഹരിക്കാൻ സര്‍ക്കാര്‍ ഇന്ന് ആന ഉടമകളുടെ സംഘടനയുമായി ചര്‍ച്ച നടത്തും

single-img
9 May 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന തീരുമാനമെടുത്തിരുന്നു. ഇതേ തുടർന്ന്  തൃശൂര്‍ പൂരത്തിലെ ആനയെഴുന്നള്ളിപ്പ് പ്രതിസന്ധിയിലായത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇന്ന് ആന ഉടമകളുടെ സംഘടനയുമായി ചര്‍ച്ച നടത്തും.

വൈകീട്ട് നാല് മണിക്ക് ദേവസ്വം മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വെള്ളിയാഴ്ചത്തെ കോടതി വിധി അനുസരിച്ച് തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ ആവര്‍ത്തിക്കാനാണ് സാധ്യത.

മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനകളെ പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സംഘടന വ്യക്തമാക്കി. തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നല്‍കില്ലെന്നാണ് ഉടമകളുടെ നിലപാട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഈ തീരുമാനം ഇന്നത്തെ ചര്‍ച്ചയില്‍ വിഷയമായേക്കും. അതിനിടെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ പൂരത്തിന്റെ മുഖ്യ സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി.