മോദി നടപ്പാക്കുന്നത് ആദിവാസികൾക്കെതിരെ വെടിയുതിര്‍ക്കുന്ന പുതിയ നിയമം; ചട്ടലംഘന പരാതിയിൽ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് സമയം നീട്ടി നൽകി

single-img
9 May 2019

ആദിവാസികൾക്കെതിരെ വെടിയുതിർക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നതെന്ന പരാമർശത്തിൽ തെരെഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം നീട്ടി നൽകി. രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപി നൽകിയ പരാതിയിലാണ് മറുപടി നൽകാൻ നാളെ വൈകുന്നേരം വരെ രാഹുൽ ഗാന്ധിക്ക് സമയം നീട്ടി നൽകിയത്.

കഴിഞ്ഞ മാസം 23 ന് മധ്യപ്രദേശിലെ റാലിയിലായിരുന്നു രാഹുൽ മോദി സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. രാഹുൽ ഗാന്ധിയുടെ പ്രസംഗം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയായിരുന്നു. പരാതി പരിഗണിച്ച കമ്മീഷൻ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മെയ് 1 ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചു.

എന്നാൽ, വിശദീകരണം നൽകാൻ മെയ് 7 വരെ സമയം ആവശ്യപ്പെട്ട രാഹുൽ പിന്നീട് ഈ ആഴ്ച അവസാനം വരെ സമയം നീട്ടിനൽകണമെന്ന് കമ്മീഷനെ അറിയിച്ചു. രാഹുലിന്റെ ഈ ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വൈകീട്ട് വരെ സമയം നൽകിയത്.