രാഹുല്‍ കാര്‍ഷികവായ്പ എഴുതി തള്ളിയോ എന്ന് സ്മൃതി ഇറാനി; തള്ളിയെന്ന് ജനക്കൂട്ടം: നാണംകെട്ട് കേന്ദ്രമന്ത്രി

single-img
9 May 2019

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ജനങ്ങൾക്കു മുന്നിൽ നാണം കെട്ടു. അശോക് നഗറില്‍ നടന്ന റാലിക്കിടെ രാഹുല്‍ ഗാന്ധി നിങ്ങളുടെ കാര്‍ഷിക വായ്പ എഴുതി തള്ളിയോ എന്ന് ചോദിച്ച സ്മൃതിക്ക് ജനക്കൂട്ടം ഒരുമിച്ച് തള്ളി എന്ന മറുപടിയാണ് നല്‍കിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഈ വാഗ്ദാനം രാഹുല്‍ നിറവേറ്റിയോ എന്നായിരുന്നു റാലിക്കിടെ സ്മൃതിയുടെ ചോദ്യം. അതെ, വായ്പ എഴുതി തള്ളിയെന്ന് ജനക്കൂട്ടം ആവര്‍ത്തിച്ച് മറുപടി പറഞ്ഞതോടെ സ്മൃതി ഇറാനി സ്തബ്ധയാകുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

കര്‍ഷകരുടെ വായ്പ എഴുതി തള്ളിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവ് രാജ്‌സിങ് ചൗഹാന്‍ രണ്ടു ദിവസം മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ വായ്പ എഴുതി തള്ളിയവരുടെ വിവരങ്ങളും രേഖകളും സഹിതം കോണ്‍ഗ്രസ് നേതാക്കള്‍ ശിവരാജ് സിങ് ചൗഹാന്റെ വീട്ടിലെത്തിയിരുന്നു.