‘ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി; മറ്റൊരു ബ്രസീലാകും’: തുറന്നുപറഞ്ഞ് മോദിയുടെ ഉപദേശകന്‍: അമ്പരന്ന് ബിജെപി നേതാക്കള്‍

single-img
9 May 2019

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തി ഉപദേശക സമിതി അംഗമായ രഥിന്‍ റോയ് രംഗത്ത്. നേരത്തെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളെല്ലാം പരാജയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും രാജ്യവളര്‍ച്ചയെ പിന്നോട്ടടിച്ചതായും കണക്കുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതിയിലെ അംഗം തന്നെ ഇന്ത്യന്‍ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചു തുറന്നു പറയുന്നതും.

ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ നേരിടേണ്ടി വന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് രാജ്യം നീങ്ങികൊണ്ടിരിക്കുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസിയുടെ ഡയറക്ടര്‍ കൂടിയായ രതിന്‍ റോയ് പറഞ്ഞു. നമ്മള്‍ കരുതുന്നതിലും ആഴത്തില്‍ ഉള്ളതാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയെന്നും രതിന്‍ റോയ് പറഞ്ഞു.

ഘടനാപരമായ തളര്‍ച്ചയിലേക്കാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പോക്ക്. 1991 മുതല്‍ കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നേറി കൊണ്ടിരുന്നത്. ജനസംഖ്യയിലെ 10 കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് സമ്പദ് ഘടനയുടെ വളര്‍ച്ച. ഈ സാധ്യതയുടെ പരാമവധിയിലെത്തി നില്‍ക്കുകയാണെന്നും രതിന്‍ റോയ് പറയുന്നു. സാമ്പത്തിക മന്ത്രാലയം 2019 മാര്‍ച്ചില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും സമാനമായ പരാമര്‍ശമുണ്ടായിരുന്നു.

നിലവിലെ ഇന്ത്യയുടെ ജനസംഖ്യയില്‍ ഭൂരിഭാഗവും ദാരിദ്രത്തില്‍ നീങ്ങുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി രാജ്യത്തിന് ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പ്രതിസന്ധി രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എന്നെങ്കിലുമൊരിക്കല്‍ ഈ പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ അതില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്നും രഥിന്‍ റോയ് പറയുന്നു.