രാജീവ് ഗാന്ധിയുടെ ഉല്ലാസയാത്ര: മോദിയുടെ ആരോപണം തള്ളി മുൻ നേവി വൈസ് അഡ്മിറൽ

single-img
9 May 2019

രാജീവ്​ ഗാന്ധിയും കു​ടുംബവും നാവിക കപ്പലായ ഐ.എൻ.എസ്​ വിരാടിൽ ലക്ഷദ്വീപിലേക്ക്​ അവധിക്കാല വിനോദ സഞ്ചാരം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം തള്ളി മുൻ നാവിക ഓഫീസർ. ഗാന്ധി കുടുംബം ഔദ്യോഗിക സന്ദർശനമായിരുന്നു നടത്തിയതെന്ന് അന്ന്​ ഐ.എൻ.എസ്​ വിരാടിലുണ്ടായിരുന്ന​ മുൻ വൈസ്​ അഡ്​മിറൽ വിനോദ്​ പാസ്രിച്ച വെളിപ്പെടുത്തി.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1984-89 കാലഘട്ടത്തില്‍ ഐ.എന്‍.എസ് വിരാടിന്റെ ചുമതല വഹിച്ചിരുന്ന ഓഫീസറായിരുന്നു വിനോദ് പാസ്രിച്ച. അന്നത്തെ എല്ലാ പ്രോട്ടോക്കോളും പാലിച്ചായിരുന്നു യാത്രയെന്നും ഒരു വിദേശിയോ മറ്റേതെങ്കിലും അതിഥിയോ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നും റിട്ട.വൈസ് അഡ്മിറല്‍ പറയുന്നു. ആരും അവധി ആഘോഷത്തില്‍ ആയിരുന്നില്ല. കുടുംബത്തോടൊപ്പം രാജീവ് ഗാന്ധി മാത്രമാണ് ഉണ്ടായിരുന്നത്. വിദേശികൾ ആരും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമാന രീതിയിൽ ഹോങ്​കോങ്​ സന്ദർശന സമയത്ത്​ ജവഹർലാൽ നെഹ്​റു അദ്ദേഹത്തിൻെറ മക്കളേയും പേരക്കുട്ടികളേയും ഒപ്പം കൂട്ടിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ തെരഞ്ഞെടുപ്പ്​ പ്രചരണ റാലിയിലായിരുന്നു ഗാന്ധി കുടുംബത്തിനെതിരെ മോദി ആരോപണമുന്നയിച്ചത്​. ഐ.എൻ.എസ്​ വിരാട്​ സ്വകാര്യ ടാക്​സി പോലെ ആയിരുന്നു രാജീവ്​ ഗാന്ധി ഉപയോഗിച്ചതെന്നും രാജ്യത്തിൻെറ സമുദ്രാതിർത്തികളെ സംരക്ഷിക്കേണ്ട ഐ.എൻ.എസ്​ വിരാട്​ രാജീവ്​ ഗാന്ധിയേയും കുടുംബത്തേയും ഒരു ദ്വീപിലേക്കുള്ള അവധിക്കാല സന്ദർശനത്തിന്​ കൊണ്ടുപോകുന്നതിനായി ഉപയോഗിച്ചെന്നുമായിരുന്നു മോദിയുടെ ആരോപണം.

”നാവികസേനയുടെ യുദ്ധക്കപ്പലില്‍ കുടുംബവുമായി ആരെങ്കിലും വിനോദയാത്ര പോയതായി കേട്ടിട്ടുണ്ടോ? നമ്മുടെ രാജ്യത്ത് അത് നടന്നിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബത്തിലെ ചൂഷകന്‍ ഐഎന്‍എസ് വിരാട് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച് അതിനെ അപമാനിച്ചു.” മോഡി ആരോപിച്ചു. രാജീവ് ഗാന്ധിയും ഇറ്റലിയില്‍ നിന്നും വന്ന ബന്ധുക്കളും 10 ദിവസം യുദ്ധക്കപ്പലില്‍ ചെലവഴിച്ചു. രാജ്യത്തിന്റെ സുരക്ഷയാണോ വിദേശികളുമായി സഞ്ചരിക്കുന്നതാണോ പ്രധാന കാര്യം എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.