ശ്രീനിവാസൻ സ്വഭാവേന പിന്തിരിപ്പൻ; സിനിമയിലെ മീടു മൂവ്‌മെന്റിനെതിരെ ‘കരാര്‍ പ്രകാരമുള്ള പീഡനം’ എന്നതിലൂടെ നടത്തിയത് സെക്‌സിസ്റ്റ് തമാശ: എൻ എസ് മാധവൻ

single-img
9 May 2019

മലയാള സിനിമാ മേഖലയിലെ മീടുവിനെതിരെയും വനിതാ സംഘടനയായ ഡബ്ല്യുസിസിക്കെതിരെയും പ്രതികരിച്ച നടന്‍ ശ്രീനിവാസനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ശ്രീനിവാസനെ പിന്തിരിപ്പന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് എൻ എസ് മാധവന്റെ വാക്കുകൾ ഇങ്ങിനെ; “സ്വഭാവേന പിന്തിരിപ്പനായ ശ്രീനിവാസന്‍ മലയാള സിനിമാ മേഖലയിലെ മീടു മൂവ്‌മെന്റിനെതിരായി പറഞ്ഞ കരാര്‍ പ്രകാരമുള്ള പീഡനം എന്ന പരാമര്‍ശത്തിലൂടെ നടത്തിയത് സെക്‌സിസ്റ്റ് തമാശയാണ്.”

ഇപ്പോഴത്തെ അവസരത്തില്‍ താന്‍ ആക്രമിക്കപ്പെട്ട നടിക്കും ഡബ്ല്യുസിസിയിലെ അവരുടെ സുഹൃത്തുക്കള്‍ക്കുമൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കണമെന്നും എന്‍എസ് മാധവന്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് സിനിമയിലെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞത്. ഒരു സ്ത്രീ സ്വയം തയ്യാറായാല്‍ മാത്രമേ എന്തും സംഭവിക്കൂ എന്നും ശ്രീനിവാസന്‍ പറഞ്ഞു. അതേപോലെതന്നെ, കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ശ്രീനിവാസന്‍ അഭിമുഖത്തില്‍ പറഞ്ഞു. മലയാള സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനേയും (ഡബ്ല്യു.സി.സി) ശ്രീനിവാസന്‍ വിമര്‍ശിച്ചിരുന്നു.