പ്രതിഷേധം ഫലം കണ്ടു; ദേശീയപാത വികസനത്തില്‍ കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

single-img
9 May 2019

ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാംപട്ടിക പ്രകാരം തന്നെ തുടരും. കേരളത്തോട് വിവേചനമില്ലെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

കേരളത്തിലെ ദേശീയപാതാ വികസനത്തോട് കേന്ദ്രം നിഷേധാത്മക സമീപനം പുലര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടിയെന്നും പിണറായി വിമര്‍ശിച്ചിരുന്നു.

നേരത്തെ, കേരളത്തിലെ ദേശീയപാതാ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയപ്പോഴാണ് മുന്തിയ പരിഗണനാ പട്ടികയില്‍നിന്നു കേരളത്തിലെ ദേശീയപാതയെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത രണ്ടു വര്‍ഷത്തേക്ക് തുടര്‍നടപടികള്‍ അസാധ്യമാക്കുന്ന തരത്തിലാണ് ദേശീയപാതാ അഥോറിറ്റിയുടെ പുതിയ തീരുമാനമുണ്ടായത്.