രാജീവ് ഗാന്ധിയും കുടുംബവും അവധിക്കാലം ആഘോഷിച്ചത് ഐഎന്‍എസ് വിരാടിൽ; കൂടെയുണ്ടായിരുന്നത് ഇറ്റലിക്കാർ: വെളിപ്പെടുത്തലുമായി മോദി

single-img
9 May 2019

രാജീവ് ഗാന്ധിയും കുടുംബവും അവധിക്കാലം ആഘോഷിക്കുന്നതിനായി നാവിയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാട് ഉപയോഗിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് രാജ്യത്തിൻ്റെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആരോപണവുമായി അദ്ദേഹം വീണ്ടും എത്തിയത്.

അവധിക്കാലം ആഘോഷിക്കാന്‍ ഒരാള്‍ ഐഎന്‍എസ് വിരാട് ഉപയോഗിക്കുമെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ?. എന്നാല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ അതും സംഭവിച്ചു. ദ്വീപുകളില്‍ അവധിക്കാലം ആഘോഷിക്കുന്നതിനായാണ് രാജീവ് ഗാന്ധി നേവി ഉദ്യോഗസ്ഥരെയും ഹെലികോപ്റ്ററും ഉപയോഗിച്ചത്. കടല്‍ത്തീരത്ത് വിന്യസിച്ച യുദ്ധവിമാനക്കപ്പല്‍ ഉപയോഗിച്ചാണ് പത്തുദിവസത്തെ അവധിക്കാലം രാജീവ് ഗാന്ധിയും കുടുംബവും ആഘോഷിച്ചതെന്നും മോദി പറഞ്ഞു.

യുദ്ധക്കപ്പലില്‍ അവധിക്കാലം ആഘോഷിച്ചത് രാജ്യസുരക്ഷയെ ബാധിച്ചുവെന്നും രാജീവ് ഗാന്ധിയുടെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ ഇറ്റലിക്കാരായിരുന്നെന്നും മോദി പറഞ്ഞു. രാജ്യത്തിനും രാജ്യസുരക്ഷയ്ക്കുമായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കേണ്ടതെന്നും മോദി ചൂണ്ടിക്കാട്ടി.

1987ലെ അവധിക്കാലം ലക്ഷദ്വീപില്‍ ആഘോഷിക്കുന്നതിനായിരുന്നു യുദ്ധക്കപ്പല്‍ ഉപയോഗിച്ചത്. ഇന്ത്യാടുഡെ മാസികയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മോദിയുടെ വിമര്‍ശനം.