രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അഴിമതിയാരോപണമുണ്ടായതുകൊണ്ടല്ല: മോദിയ്ക്കെതിരെ കർണാടക ബിജെപി നേതാവ്

single-img
9 May 2019

രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ രാജീവ് ഗാന്ധിയ്ക്കെതിരെ പ്രസ്താവനകളിറക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ കർണാടക ബിജെപി നേതാവ് രംഗത്ത്. കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദാണ്` മോദിയെ തിരുത്തി രംഗത്തെത്തിയത്.

രാജീവ് ഗാന്ധിയ്ക്കെതിരായ മോദിയുടെ പരാമർശങ്ങൾ അനാവശ്യമായിരുന്നെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നും ശ്രീനിവാസ പ്രസാദ് പറഞ്ഞു.

“എൽടിടിഇ ആണ് രാജീവ് ഗാന്ധിയുടെ കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. അദ്ദേഹം കൊല്ലപ്പെട്ടത് അഴിമതിയാരോപണങ്ങൾ മൂലമല്ല. ആരുമങ്ങനെ വിശ്വസിക്കുന്നില്ല. ഞാൻ പോലും അങ്ങനെ വിശ്വസിക്കുന്നില്ല. എനിക്ക് മോദിജിയോട് ഒത്തിരി ബഹുമാനമുണ്ട്, പക്ഷേ അദ്ദേഹത്തിനു രാജീവ് ഗാന്ധിയ്ക്കെതിരെ സംസാരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ” ശ്രീനിവാസ പ്രസാദ് വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.

അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്ന ശ്രീനിവാസ ഇടക്കാലത്ത് കോൺഗ്രസിലായിരുന്നു. സിദ്ദരാമയ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് 2017-ൽ വീണ്ടും ബിജെപിയിലെത്തി.

രാജീവ് ഗാന്ധി മരിച്ചത് ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണെന്നായിരുന്നു മോദിയുടെ പ്രസ്താ‍വന. രാഹുൽ ഗാന്ധിയെ എതിർക്കുവാനാണ് മോദി ഇത്തരമൊരു പരാമർശം നടത്തിയത്.