‘ദീദിയുടെ രോഷം കണ്ട് മുട്ടുവിറയ്ക്കുന്നവനല്ല ഞാന്‍’; ആഞ്ഞടിച്ച് മോദി

single-img
9 May 2019

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ‘മുഖത്തടി’ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. തന്റെ മുഖത്തടിക്കണമെന്നതാണ് മമത ബാനര്‍ജിയുടെ ആവശ്യം. അതിനായി ദീദിയെ വിളിക്കുകയാണ്. ദീദിയുടെ അടി തനിക്കു കിട്ടുന്ന അനുഗ്രഹമാകുമെന്നും മോദി പറഞ്ഞു. പശ്ചിമബംഗാളിലെ പുര്‍ലിയയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവങ്ങളുടെ ചിട്ടി ഫണ്ട് തട്ടിയെടുത്ത തൃണമൂല്‍ പ്രവര്‍ത്തകരായ കൊള്ളക്കാരുടെ മുഖത്തടിക്കാനുള്ള ധൈര്യം മമത കാണിച്ചിരുന്നെങ്കില്‍ അവര്‍ക്ക് പരാജയത്തെ ഇത്ര ഭയപ്പെടേണ്ടി വരില്ലായിരുന്നു. ആ അടി അവരുടെ റെക്കോഡിലുള്ള കളങ്കത്തെ മാറ്റുമായിരുന്നുവെന്നും മോദി പറഞ്ഞു.

അതേസമയം, ദീദിയുടെ രോഷം കണ്ട് മുട്ടുവിറയ്ക്കുന്നവനല്ല മോദിയെന്ന് ബങ്കുരായിലെ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. 130 കോടി ജനങ്ങളുടെ സ്‌നേഹം തനിക്കൊപ്പമുണ്ടെന്നും എന്നാല്‍ മമതയുടെ ഹൃദയത്തില്‍ നുഴഞ്ഞു കയറ്റക്കാരോട് മാത്രമേ മമതയുള്ളൂ. നുഴഞ്ഞു കയറ്റക്കാരാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍. തന്നെ അധിക്ഷേപിക്കുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന്റെ ഏക അജന്‍ഡയെന്നും മോദി പറഞ്ഞു.

ഫോനി ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ മമത ബാനര്‍ജിയെ പലതവണ വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിക്കാനോ, തന്നോട് സംസാരിക്കാനോ മമത ബാനര്‍ജിയുടെ ധാര്‍ഷ്ട്യം അനുവദിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.