എല്ലാം നഷ്ടമായി; നിരന്തരം ഭീഷണിയാണ്: ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയ യുവതി

single-img
9 May 2019

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് തനിക്ക് എല്ലാം നഷ്ടമായെന്നും അഴിക്കുള്ളിലാകുമോ എന്ന് ഭയപ്പെടുന്നതായും ആരോപണം ഉന്നയിച്ച യുവതി. ദ വയര്‍, സ്‌ക്രോള്‍, കാരവന്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങൾ സംയുക്തമായി നടത്തിയ അഭിമുഖത്തിലാണ് അവര്‍ സാമ്പത്തികവും മാനസികവുമായി തനിക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് സംസാരിച്ചത്.

ചീഫ് ജസ്റ്റിസിന് എതിരെ യുവതി നല്‍കിയ ലൈംഗിക ആരോപണം തെളിവില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിയോഗിച്ച സമിതി തള്ളിക്കളഞ്ഞിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തന്നെ തഴഞ്ഞു. പിന്നാക്ക ജാതിക്കാരിയായതാണ് അപമാനത്തിന് പിന്നിലെ പ്രധാന കാരണമെന്നും അവര്‍ പറയുന്നു.

താന്‍ കൊല്ലപ്പെടുമെന്നും തനിക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്നും പറഞ്ഞ് സഹോദരിയുടെ വീട്ടില്‍ അഭിഭാഷകരാണെന്ന വ്യാജേന എത്തിയവര്‍ ഭീഷണിപ്പെടുത്തി. തന്റെ പരാതിയും അനില്‍ അംബാനിയുടെ കേസുമായി ബന്ധപ്പെടുത്തിയതെങ്ങനെയെന്ന് അറിയില്ലെന്നും യുവതി അഭിമുഖത്തില്‍ പറഞ്ഞു.

“സുപ്രീം കോടതി അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ പോയ സമയം അനാവശ്യമായി പൊലീസ് എന്റെ വീട്ടില്‍ സെര്‍ച്ച് നടത്തി. യുപിയിലും  രാജസ്ഥാനിലുമുള്ള ബന്ധുക്കളുടെ വീട്ടില്‍ ആയുധവുമായെത്തിയ സംഘം ഭീഷണി മുഴക്കിയാണ് പോയത്.  ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയതിന് ശേഷം നിരന്തരം ഭീഷണിയാണ്. അജ്ഞാതര്‍ നിരന്തരം ബന്ധുക്കളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നു. കുടുംബത്തിന്റെ പിന്തുണ കൊണ്ടുമാത്രമാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്. ”


യുവതി പറയുന്നു.

“ഹിയറിങ് കഴിഞ്ഞ് പുറത്തിറങ്ങിയ എല്ലാ ദിവസവും എന്നെയും ഭര്‍ത്താവിനെയും അജ്ഞാതര്‍ ബൈക്കില്‍ പിന്തുടരുന്നുണ്ടായിരുന്നു. ഞാന്‍ ശരിക്കും ഭയന്നു പോയി. ഞാന്‍ തുഗ്ലക് റോഡ് പൊലീസില്‍ പരാതി നല്‍കി. ‘വലിയ കുടുംബമാണ് നിങ്ങളുടേത്. എല്ലാവരും പൊലീസുകാര്‍. അവര്‍ക്കറിയാം നിങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന്’ എന്നായിരുന്നു
അതിനെക്കുറിച്ച് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞത്. പരാതി നല്‍കിയ ശേഷം എന്നെ എല്ലാ വിധത്തിലും പീഡിപ്പിക്കുന്ന ദില്ലി പൊലീസ് തന്നെയല്ലേ അവരുമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞില്ല. ” അവർ പറഞ്ഞു.

സമിതിക്കു മുമ്പാകെ ഹാജരാവും മുമ്പ് താൻ ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സഹായത്തിനായി ഒരാളെ കൂടി തനിക്കൊപ്പം പങ്കെടുപ്പിക്കാന്‍ അനുവദിക്കണം, വിചാരണ വീഡിയോയില്‍ പകര്‍ത്തണം, ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി ശിപാര്‍ശകള്‍ അനുസരിച്ച് വിചാരണ നടപടികള്‍ നടത്തണം, ചീഫ് ജസ്റ്റിസുമായി ഏറെ അടുപ്പമുള്ള ജസ്റ്റിസ് രമണയെ സമിതിയില്‍നിന്നും ഒഴിവാക്കണം എന്നിവയാണ് താൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതില്‍ ഒരു കാര്യം മാത്രമാണ് അവര്‍ അംഗീകരിച്ചത്. ജസ്റ്റിസ് രമണ ഒഴിവാകുകയും പകരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വരികയും ചെയ്തു.

എനിക്ക് വലതു ചെവി കേള്‍ക്കില്ല. ഇടതു ചെവിക്കും ശക്തി കുറവാണ്. അതിനാലാണ് ഞാന്‍ സഹായിയെ ആവശ്യപ്പെട്ടത്. വിചാരണയ്ക്കിടയില്‍ പലപ്പോഴും അവര്‍ പറയുന്നത് മനസ്സിലായില്ല. ഒന്നു കൂടി പറയുമോ എന്ന് പല വട്ടം ആവശ്യപ്പെട്ടു. എത്ര തവണ ഇക്കാര്യം ആവര്‍ത്തിക്കാനാവും? 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് തനിക്ക് നിഷേധിക്കുകയും ആരോപണവിധേയനായ ചീഫ് ജസറ്റീസിന് നല്‍കുകയും ചെയ്തിട്ടുണ്ട്. വസ്തുനിഷ്ഠമായ തെളിവുകളോടെ നല്‍കിയ വിശദവും കൃത്യവുമായ പരാതി മൂന്നംഗ സമിതി തഴയുകയായിരുന്നു. എല്ലാം ശരിയായിരുന്നതിനാല്‍ നീതി കിട്ടുമെന്നായിരുന്നു കരുതുയിരുന്നത്.