മാണിയുടെ ഓർമ്മ ദിവസം പോലും മറന്ന് കേരള കോൺഗ്രസിൽ തമ്മിലടി

single-img
9 May 2019

കേരള കോൺഗ്രസ് നേതാവ് കെ എം മാണി അന്തരിച്ച് ഒരു മാസം പിന്നിടുമ്പോള്‍ കേരളാകോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂർച്ഛിക്കുന്നു. ഒഴിവു വന്ന പാര്‍ട്ടിയുടെ ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ തമ്മില്‍ പിടിവലി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.

പാര്‍ട്ടിയിലെ തര്‍ക്കം കാരണം മാണിയുടെ ഓര്‍മ്മദിനം പോലും ആഘോഷിച്ചില്ലെന്നാണ് പരാതി. കെ എം മാണിക്ക് ശേഷം പിജെ ജോസഫിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നത് തടയാനാണ് ജോസ് കെ മാണിയും അനുയായികളും ശ്രമിക്കുന്നത്. ജോസഫിന് ലോക്‌സഭാ സീറ്റുകള്‍ നിഷേധിച്ച പ്രശ്നം നിലനിൽക്കേ തന്നെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്റെ ഒഴിവില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന ജോസഫിന്റെ കയ്യിലാണ് ഇപ്പോള്‍ നിയന്ത്രണം.

സിഎഫ് തോമസിനെ ചെയര്‍മാനും ജോസഫിനെ പാര്‍ലമെന്ററി ലീഡര്‍ സ്ഥാനത്തേക്കും നിയോഗിച്ച ശേഷം വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ കൊണ്ടുവരാന്‍ ചില നീക്കങ്ങള്‍ നടക്കുമ്പോള്‍ മാണിയുടെ പക്ഷത്ത് നിന്നിരുന്ന മറ്റൊരു വിഭാഗത്തിന് ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനങ്ങള്‍ കൈവിട്ടുകളയരുതെന്ന അഭിപ്രായമാണ്.

ചെയര്‍മാന്‍, പാര്‍ലമെന്ററി ലീഡര്‍ സ്ഥാനങ്ങള്‍ പാര്‍ട്ടിയാണ് വഹിച്ചിരുന്നതെന്നും അതിനാല്‍ ഈ രണ്ടു സ്ഥാനങ്ങള്‍ ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കരുതെന്നും മാണി വിഭാഗത്തിലെ ഈ ഗ്രൂപ്പ് പറയുന്നു. ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കിക്കൊണ്ട് സിഎഫ് തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനാണ് ഇവരുടെ പദ്ധതി. നിയമസഭാ സമ്മേളനം തുടങ്ങുന്ന 27 ന് മുമ്പായി ഇക്കാര്യത്തില്‍ തീരുമാനം കൊണ്ടു വരാനാണ് അവരുടെ താല്‍പ്പര്യം. ഗ്രൂപ്പ് പോര് മൂലം കെ എം മാണിയുടെ അനുശോചന യോഗം പോലും ചേരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

ഇതിനായുള്ള സംസ്ഥാന കമ്മറ്റി വിളിച്ചു കൂട്ടേണ്ടത് ആരാണെന്നതാണ് ഇപ്പോര്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. അനുശോചനം രേഖപ്പെടുത്താന്‍ ഉന്നതതല കമ്മറ്റികള്‍ ഒന്നു പോലും ചേരാത്തതിന് പിന്നില്‍ ജോസഫാണെന്നാണ് മാണി വിഭാഗത്തിന്റെ ആരോപണം.