കണ്ണന്താനത്തെ ചതിച്ചതോ ?; ബിജെപി കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചെന്ന് ആരോപണം

single-img
9 May 2019

ഇത്തവണ എറണാകുളത്തെ പോളിംഗ് ശതമാനം ഉയര്‍ന്നത് ആര്‍ക്കനുകൂലമാകുമെന്ന ആശങ്കയിലാണ് മുന്നണികള്‍. പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് ഉയര്‍ന്നത് യുഡിഎഫിന് ആശ്വാസമാണ്. എന്നാല്‍ താരതമ്യേന പോളിംഗ് ശതമാനം കുറഞ്ഞ കൊച്ചി നഗരത്തിലും തീരദേശമേഖലകളിലുമാണ് ഇടതുമുന്നണി പ്രതീക്ഷ വയ്ക്കുന്നത്.

പരമ്പരാഗത ഇടതുവോട്ടുകള്‍ തങ്ങള്‍ക്കു കിട്ടിയെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. എന്നാല്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലടക്കം ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയതാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് ശരാശരി ഉയരാന്‍ ഇടയാക്കിയത്.

എന്നാല്‍ ബിജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം എത്രവോട്ടുകള്‍ നേടും എന്നതും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി നേടിയ അരലക്ഷം വോട്ടുകള്‍ ഇത്തവണ ആരെയൊക്കെ തുണയ്ക്കും എന്നതുമാണ് മുന്നണികളുടെ കണക്കെടുപ്പിനെ വഴിമുട്ടിക്കുന്നത്.

ഇതിനിടെയാണ് എറണാകുളം മണ്ഡലത്തില്‍ ബിജെപി കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചെന്ന ആരോപണവുമായി സിപിഐ രംഗത്തെത്തിയത്. മുഖ്യശത്രുവായ എല്‍ഡിഎഫിനെ തോല്‍പിക്കാന്‍ ബിജെപി മണ്ഡലത്തില്‍ പലയിടത്തും യുഡിഎഫിനായി വോട്ട് മറിച്ചെന്നാണ് സിപിഐയുടെ ആരോപണം.

പറവൂരിലടക്കം ബിജെപിയ്ക്ക് ബൂത്ത് ഏജന്റ് ഉണ്ടാകാതിരുന്നത് വോട്ട് കച്ചവടധാരണയുടെ ഭാഗമായാണെന്നാണ് ആരോപണം. എന്നാല്‍ എറണാകുളത്ത് ഹൈബി ഈഡന്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് യുഡിഎഫ് അവകാശവാദം. സിപിഐ വോട്ടുകള്‍ പലയിടത്തും പി രാജീവിന് ലഭിച്ചിട്ടില്ല. ഇത് മറച്ച് വയ്ക്കാനാണ് സിപിഐയുടെ ആരോപണമെന്ന് വിഡി സതീശന്‍ എംഎല്‍എ തിരിച്ചടിച്ചു.

പരാജയം മുന്നില്‍ കണ്ടുള്ള ന്യായീകരണങ്ങളാണ് സിപിഐ നിരത്തുന്നതെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ മറുപടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടുകളാണ് മണ്ഡലത്തില്‍ എന്‍ഡിഎക്ക് ലഭിച്ചത്. ഇത്തവണ അത് വര്‍ധിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.