ഫഹദ് ഏത് കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരം; തിരിച്ചറിയാന്‍ വൈകിപ്പോയി; പറയുന്നത് ‘ദംഗല്‍’ സംവിധായകൻ നിതേഷ് തിവാരി

single-img
9 May 2019

മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ നിതേഷ് തിവാരി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഫഹദിനെ പ്രശംസിച്ച് സംവിധായകന്‍ രംഗത്തെത്തിയത്. ഫഹദ് ഫാസില്‍ ഏത് കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരമാണെന്നും തിരിച്ചറിയാന്‍ വൈകിപ്പോയെന്നും എന്നാൽ താന്‍ ഇപ്പോള്‍ ഫഹദിന്റെ വലിയ ആരാധകനായി മാറിയെന്നും തിവാരി കുറിച്ചു.

ഇനിയും ഇതുപോലെ ധാരാളം സിനിമകള്‍ ചെയ്ത് തങ്ങളെ ആസ്വദിപ്പിക്കണമെന്നും സംവിധായകന്‍ ട്വിറ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. ഫഹദിനെ പറ്റി ദംഗല്‍ സംവിധായകന്റെ ട്വിറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ധാരാളം ആളുകൾ ഫഹദിന്റെ പഴയ സിനിമകളും കാണണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫഹദിന്റെ ഹിറ്റുകളായ തൊണ്ടി മുതലും ദൃക്സാക്ഷിയും, കാര്‍ബണ്‍, ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം, ആമേന്‍ തുടങ്ങിയ സിനിമകളും കാണണമെന്നാണ് സംവിധായകനോട് ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച ചില്ലര്‍ പാര്‍ട്ടിയായിരുന്നു നിതേഷ് തിവാരിയുടെ ആദ്യ സിനിമ. ഈ സിനിമയ്ക്ക് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട്, ഭൂത് നാഥ് റിട്ടേണ്‍സ്, ദങ്കല്‍ എന്നിവയാണ് നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങള്‍. മലയാളത്തിൽ അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് ആണ് ഫഹദ് ഫാസിലിന്റെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.