മോദി വ്യോമസേനയുടെ ജെറ്റ് വിമാനത്തെ 744 രൂപയ്ക്ക് ട്രിപ്പോടുന്ന ടാക്സിയാക്കിയെന്ന് കോൺഗ്രസ്

single-img
9 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേനയുടെ വിമാനത്തെ 744 രൂപയ്ക്ക് ട്രിപ്പോടുന്ന ടാക്സിയാക്കി മാറ്റിയെന്ന് കോൺഗ്രസ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിരാടിനെ ഹോളിഡേ ട്രിപ്പിനായി ഉപയോഗിച്ചെന്ന മോദിയുടെ ആരോപണത്തിനു മറുപടിയായാണ് കോൺഗ്രസ് ഇപ്രകാരം ആരോപിച്ചത്.

“നിങ്ങൾ വ്യോമസേനയുടെ ജെറ്റ് വിമാനത്തെ നിങ്ങളുടെ സ്വന്തം ടാക്സിയാക്കി മാറ്റി. എന്നിട്ട് നിങ്ങളുടെ തെരെഞ്ഞെടുപ്പ് ട്രിപ്പുകൾക്ക് പോകാൻ വേണ്ടി ഈ ജെറ്റുകൾക്ക് ഏറ്റവും കുറഞ്ഞ വാടകയായ 744 രൂപയും നൽകി.” കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 240 അനൗദ്യോഗിക യാത്രകളുടെ യാത്രാക്കൂലി ഇനത്തില്‍ ബിജെപി 1.4 കോടി രൂപ മാത്രമാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് നല്‍കിയതെന്ന് വിവരാവകാശ രേഖ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയില്‍ എയര്‍ഫോഴ്‌സ് വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

2019 ജനുവരി 19ന് നടത്തിയ ബാലന്‍ഗിര്‍-പതര്‍ചേറ യാത്രക്ക് 744 രൂപ മാത്രമാണ് ഈടാക്കിയിരിക്കുന്നത്. 2017 ഏപ്രില്‍ 27ന് നടത്തിയ ചണ്ഡിഗഢ്-ഷിംല-അന്നദലെ-ചണ്ഡിഗഢ് യാത്രക്ക് വെറും 845 രൂപയും ഈടാക്കിയതായി പറയുന്നു. സാധാരണയായി ചണ്ഡിഗഢ്-ഷിംല കൊമേഴ്സ്യല്‍ ടിക്കറ്റിന് 2500-5000 രൂപയാണ് ഈടാക്കുന്നത്.


മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കുടുംബവും യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് സ്വകാര്യ ടാക്‌സിപോലെ അവധിക്കാല ആഘോഷത്തിന് ഉപയോഗിച്ചുവെന്നായിരുന്നു മോദി ഒരു തെരെഞ്ഞെടുപ്പ് റാലിയ്ക്കിടെ പറഞ്ഞത്.