കുട്ടികൾക്കെതിരായ അക്രമം; വിധവകള്‍ക്കും വിവാഹമോചിതരായ സ്‌ത്രീകള്‍ക്കുമൊപ്പം കഴിയുന്ന ആണ്‍സുഹൃത്തുക്കളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

single-img
9 May 2019

സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അക്രമം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിധവകള്‍ക്കും വിവാഹമോചിതരായ സ്‌ത്രീകള്‍ക്കുമൊപ്പം കഴിയുന്ന “ആണ്‍സുഹൃത്തുക്കളെ” നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു. തൊടുപുഴയില്‍ ഏഴുവയസുകാരന്റെ മരണത്തിനിടയാക്കിയ സംഭവം കോളിളക്കമുണ്ടാക്കിയതിനെ തുടർന്നാണ് സർക്കാർ നടപടി.

നിരവധി കുടുംബങ്ങളില്‍ കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്‌. വീടുകളില്‍ അനധികൃതമായി താമസിക്കുന്നവരുടെ വിവരശേഖരണത്തിനു സാമൂഹികക്ഷേമവകുപ്പിന്റെ സേവനം തേടും. അംഗന്‍വാടി അധ്യാപികമാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരോട്‌ അതതു പ്രദേശങ്ങളിലെ വീടുകള്‍ നിരീക്ഷിക്കാനും അയല്‍വാസികളില്‍നിന്നു വിവരശേഖരണം നടത്താനുമാണു നിര്‍ദേശം നൽകിയിരിക്കുന്നത്.

ഇങ്ങനെ കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ ജനമൈത്രി പോലീസ്‌ സ്‌റ്റേഷനുകളില്‍ അറിയിക്കും. കുട്ടികളെ ഉപദ്രവിക്കുക, ബാലവേല, വിദ്യാഭ്യാസം നല്‍കാതിരിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ സര്‍ക്കാര്‍ ദത്തെടുത്തു സംരക്ഷിക്കാനും നീക്കമുണ്ട്‌. ജില്ലാ സാമൂഹികവകുപ്പ്‌ മേധാവി ഇതു സംബന്ധിച്ചു മാസംതോറും പോലീസിനും ജില്ലാ കലക്‌ടര്‍മാര്‍ക്കും റിപ്പോര്‍ട്ട്‌ നല്‍കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു.