എ പ്ലസ് കിട്ടാത്തതിന് മകനെ മര്‍ദിച്ച പിതാവിന് ജാമ്യം; ജാമ്യത്തിലിറക്കിയത് മർദ്ദനമേറ്റ മകനും പരാതി നൽകിയ അമ്മയും ചേർന്ന്

single-img
9 May 2019

എസ്എസ്എല്‍സി പരീക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന് മകനെ മര്‍ദിച്ച പിതാവിന് ആറ്റിങ്ങല്‍ കോടതി ജാമ്യം അനുവദിച്ചു. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന് അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തത്.

മര്‍ദനമേറ്റ കുട്ടിയും പോലീസില്‍ പരാതി നല്‍കിയ അമ്മയും ചേര്‍ന്നാണ് പിതാവിനെ ജാമ്യത്തിലിറക്കാനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്. പരാതിയില്‍ നിന്നും പിന്മാറാനുള്ള സാധ്യത തേടി കുട്ടിയുടെ മാതാവ് പൊലീസിനെ നേരത്തെ സമീപിച്ചിരുന്നു.

എസ്എസ്എല്‍സി പരീക്ഷഫലം പുറത്തു വന്ന ശേഷം കിളിമാനൂര്‍ സ്വദേശി സാബുവാണ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് ലഭിക്കാത്തതിന് സ്വന്തം മകനെ മണ്‍വെട്ടി വച്ച് അടിച്ചത്.ആറ് എ പ്ലസ് നേടി മികച്ച വിജയമാണ് പരീക്ഷയില്‍ മകന്‍ സ്വന്തമാക്കിയത് എന്നാല്‍ അവശേഷിച്ച വിഷയങ്ങളില്‍ എ പ്ലസ് കിട്ടാതെ വന്നത് സാബുവിനെ പ്രകോപിച്ചത്.

വീട്ടിലെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് സാബുവില്‍ നിന്നും കുട്ടിയെ രക്ഷിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ കിളിമാനൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാവിൻ്റെ പരാതിയിൽ കേസും എടുത്തിരുന്നു.