ഇപ്പോള്‍ ബംഗാളിന്‍റെ കടുവയായ മമത രാജ്യത്തിന്‍റെ കടുവയാകും; കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിൽ മമത ബാനര്‍ജി നിര്‍ണായകമായ പങ്കുവഹിക്കുമെന്ന് ചന്ദ്രബാബു നായിഡു

single-img
9 May 2019

ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനശേഷം കേന്ദ്രത്തിൽ പുതിയ ബിജെപി വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കുന്നതിൽ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ണായകമായ പങ്കുവഹിക്കുമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യരൂപീകരണ വിഷയത്തിൽ നായിഡു മമമതയുമായി ചര്‍ച്ച നടത്തും.

മോദിയെയും ബിജെപിയെയും എങ്ങിനെയും താഴെയിറക്കാനാണ് കോണ്‍ഗ്രസും ബിജെപി വിരുദ്ധ പ്രാദേശിക പാര്‍ട്ടികളും കൈകോര്‍ക്കുന്നത്. വിശാലമായ ഈ പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയെടുക്കുന്നത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവാണ്. ഇപ്പോൾ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുകൾ എണ്ണുന്നതിന് മുന്‍പായി ഈ മാസം 21-ന് യോഗം ചേരാം എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

ചർച്ചകൾക്കായി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. അതിന് ശേഷമാണ് ബംഗാളിൽ തൃണമൂലിന് വോട്ടു പിടിക്കാനായി നായിഡു ബംഗാളിലെത്തിയത്. ഇപ്പോൾ ബംഗാളിന്‍റെ കടുവയായ മമത രാജ്യത്തിന്‍റെ കടുവയാകുമെന്നാണ് പ്രചാരണറാലികളില്‍ ചന്ദ്രബാബു നായിഡു പറഞ്ഞത്. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന മൂന്നാമത് പാര്‍ട്ടി തൃണമൂൽ കോണ്‍ഗ്രസായിരിക്കുമെന്ന ആത്മവിശ്വാസമാണ് മമത പ്രകടിപ്പിക്കുന്നത്.അതുപോലെ സംഭവിച്ചാൽ ബദൽ സര്‍ക്കാര്‍ രൂപീകരണത്തിൽ മമതയുടെ നിലപാട് നിര്‍ണമായകമാകും.