ഉത്സവങ്ങൾക്ക് ആനയും വേണ്ട, വെടിക്കെട്ടും വേണ്ടെന്ന് ആർഎസ്എസ് അന്ന്; ഇന്ന് ആനയ്ക്കു വേണ്ടി സമരം നടത്തി ബിജെപി

single-img
9 May 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനയുടെ നിരോധനം തൃശൂർ പൂരത്തിനു ഭീഷണിയായിരിക്കേ ആനയ്ക്ക് എതിരശയുള്ള നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരമരംഗത്തേക്കിറങ്ങിക്കഴിഞ്ഞു. ബിജെപിയുടെ ആവശ്യം രാഷ്ട്രീയ നാടകങ്ങളുടെ ഭാഗമാണെന്നും വിശ്വാസികളെ കെെയിലെടുക്കുവാനുള്ള തന്ത്രമാണെന്നും ചൂണ്ടിക്കാട്ടി മറ്റു രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ വർഷങ്ങൾക്കു മുമ്പു തന്നെ സംഘപരിവാർ കേന്ദ്രങ്ങൾ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്നു വ്യക്തമാക്കിയിരുന്നു എന്നുള്ളതാണ് സത്യം.

2016 ഏപ്രിൽ പുറ്റിങ്ങൽ വെടിക്കെട്ടിനോടനുബന്ധിച്ചുള്ള ദുരന്തം നടന്നതിനു പിന്നാലെ ഇറങ്ങിയ ആർഎസ്എസ് മുഖപത്രമായ കേസരിയുടെ കവർ തന്നെ `കരിയും വേണ്ട, കരിമരുന്നും വേണ്ട´ എന്നുള്ളതായിരുന്നു. കരിയും വേണ്ട, കരിമരുന്നും വേണ്ട എന്ന പേരിൽ സ്വാമി ചിദാനന്ദപുരി എഴതിയ ലേഖനവും കേസരി ആ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

കോടിക്കണക്കിന് രൂപ കത്തിച്ചുകളയുക മാത്രമല്ല അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്ന കാര്‍ബണ്‍ഡൈ ഓക്‌സയിഡ്, സോഡിയം ഓക്‌സയിഡ്, ലഡ് ഓക്‌സയിഡ് തുടങ്ങിയ മാരകമായ വിഷങ്ങള്‍ അന്തരീക്ഷത്തില്‍ കലര്‍ത്തുകയും വന്‍ശബ്ദങ്ങള്‍ ഉണ്ടാക്കി ശബ്ദമലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന കരിമരുന്നു പ്രയോഗം നിര്‍ത്തിയേ പറ്റൂ. ഇത്തരം കാര്യങ്ങള്‍ക്ക് പണം തരില്ല എന്നു പറയാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും ചിദാനന്ദ പുരി ലേഖനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

കാട്ടില്‍ ശാന്തമായ അന്തരീക്ഷത്തില്‍ ജീവിച്ചുവരുന്ന ആ ജീവിയെ പിടിച്ചുകൊണ്ടുവന്ന് ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ചൂടിന്റെയുമൊക്കെ അസഹ്യമായ അന്തരീക്ഷത്തില്‍ നടത്തുന്ന എഴുന്നള്ളത്തുകള്‍ ആ ജീവിയോടു കാണിക്കുന്ന ക്രൂരതയാണ്. ഇതൊക്കെ കാണുമ്പോള്‍ എന്താണ് ക്ഷേത്രം, എന്തിനാണ് ക്ഷേത്രം, എങ്ങനെയാണ് ക്ഷേത്രം എന്ന അറിവോടു കൂടിവേണം ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടവര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നു ചിന്തിക്കാന്‍ തയ്യാറാവണം എന്നു വിളിച്ചു പറയാന്‍ തോന്നുകയാണ്- ചിദനന്ദപുരി ലേഖനത്തിലൂടെ പറയുന്നു.

ആന എഴുന്നള്ളിപ്പിനേയും വെടിക്കെട്ടിനേയും വിമർശിച്ച് ജെ നന്ദകുമാർ, എം സതീശൻ, സിപി നായർ എന്നിവരുടെ ലേഖനങ്ങളും കേസരി പ്രസിദ്ധീകരിച്ചിട്ടുണ്ട്.