ബിജെപി മുന്നണിക്ക് കേവലഭൂരിപക്ഷം കിട്ടില്ല; ഫലം വന്നയുടൻ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷനേതാക്കള്‍ ഒപ്പുവച്ച കത്ത് രാഷ്ട്രപതിക്കു കെെമാറും

single-img
9 May 2019

വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ചടുല നീക്കവുമായി പ്രതിപക്ഷ കക്ഷികൾ. തൂക്കു പാര്‍ലമെന്റ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കാനാണ് പ്രതിപക്ഷ നീക്കം നടക്കുന്നത്. ബിജെപി ഏറ്റവും വലിയ കക്ഷിയാകുമെങ്കിലും അവര്‍ക്കോ മുന്നണിക്കോ കേവലഭൂരിപക്ഷം ലഭിക്കില്ലെന്നു കണക്കുകൂട്ടിയാണു പ്രതിപക്ഷം നീങ്ങുന്നത്.

ബിജെപിക്കു മുമ്പേ രാഷ്ട്രപതിയുടെ ക്ഷണം ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണു ചുക്കാന്‍ പിടിക്കുന്നത്. ബിജെപിക്കെതിരേ സംയുക്ത സഖ്യമെന്ന സ്വപ്‌നം തെരഞ്ഞെടുപ്പിനു ശേഷമെങ്കിലും യാഥാര്‍ഥ്യമാക്കുന്നതിന് 21-നു ഡല്‍ഹിയില്‍ യോഗം വിളിക്കും. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുന്ന കൂട്ടുകെട്ടിന് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാനാണു പദ്ധതി.

തൂക്കുസഭയുണ്ടായാല്‍ ഉടനടി 21 പ്രതിപക്ഷനേതാക്കള്‍ ഒപ്പുവച്ച കത്ത് രാഷ്ട്രപതിക്കു െകെമാറും. എന്‍.ഡി.എയ്ക്കു ഭൂരിപക്ഷം തികയാത്ത സാഹചര്യത്തില്‍ ബി.ജെ.പി. ചെറുകക്ഷികളെ വലയിട്ടു പിടിച്ച് അധികാരം നിലനിര്‍ത്തുമെന്ന ആശങ്കയിലാണ് പ്രതിപക്ഷം പഴുതടയ്ക്കാന്‍ തയാറെടുക്കുന്നത്.

ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ കേവലഭൂരിപക്ഷമില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആരെ വിളിക്കണമെന്നതു രാഷ്ട്രപതിയുടെ വിവേചനാധികാരമാണ്. കീഴ്‌വഴക്കങ്ങള്‍ പരസ്പരവിരുദ്ധവും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മണിപ്പുരിലും ഗോവയിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുപാര്‍ട്ടികളെ വലയിലാക്കി ബി.ജെ.പി. അധികാരം പിടിച്ചിരുന്നു. ഇത് മുന്നിൽക്കണ്ടാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം.

543 അംഗങ്ങളുള്ള ലോക്‌സഭയില്‍ 272 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 2014 ലെ തെരഞ്ഞെടുപ്പില്‍ 282 സീറ്റുമായി ബി.ജെ.പി. തനിച്ച് കേവലഭൂരിപക്ഷം നേടിയിരുന്നു. ഘടകകക്ഷികളും ചേര്‍ത്ത് എന്‍.ഡി.എ. 336 സീറ്റ് നേടി. ഇക്കുറി ബി.ജെ.പിക്കു തനിച്ച് 272 തികയാന്‍ ഇടയില്ലെന്നു ജനറല്‍ സെക്രട്ടറി റാം മാധവ് അടക്കമുള്ള നേതാക്കള്‍ സൂചിപ്പിച്ചിരുന്നു.