കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; അഞ്ച് കുട്ടികളുമായി ഇതരസംസ്ഥാനക്കാരി പിടിയിൽ

single-img
9 May 2019

തലസ്ഥാനത്ത് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ ഇതര സംസ്ഥാനക്കാരിയായ യുവതി പിടിയിൽ. പേട്ടയിൽ നിന്നാണ് യുവതി ചൈൽഡ് ലൈൻ പ്രവർത്തകരുടെ പിടിയിലായത്. രാജസ്ഥാന്‍ കോട്ട സ്വദേശിക്ക് ഒപ്പം അഞ്ച് കുട്ടികളുമുണ്ടായിരുന്നു. ഇതില്‍ മൂന്ന് കുട്ടികൾ തന്റേതാണെന്നും രണ്ട് കുട്ടികൾ ബന്ധുവിന്റേതുമെന്നാണ് യുവതി പറയുന്നത്.

പിടിയിലാകുമ്പോള്‍രണ്ട് കുട്ടികൾ ഇവർക്കൊപ്പവും മൂന്ന് കുട്ടികൾ മറ്റൊരിടത്തായും ഭിക്ഷാടനം നടത്തുകയായിരുന്നു. കുട്ടികളെ ഉപയോഗിച്ചുകൊണ്ട് ഭിക്ഷാടനം നടക്കുന്നുവെന്ന വിവരം കിട്ടിയ ചൈൽഡ് ലൈൻ പ്രവർത്തകർ ഇവരെ പേട്ട പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.

പോലീസ് യുവതിയെ ചൈൽഡ് ലൈൻ കമ്മിറ്റിയ്ക്ക് മുന്നിൽ ഹാജരാക്കിയ ശേഷം തുടർ നടപടികളെടുക്കുമെന്നും ചൈൽഡ് ലൈൻ വൃത്തങ്ങൾ അറിയിച്ചു . 12 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ഇവർക്കൊപ്പമുള്ള കുട്ടികൾക്കൊന്നും വിദ്യാഭ്യാസം ലഭ്യമാക്കിയിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.യുവതിയേയും കുട്ടികളേയും ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്ക് മാറ്റി.